Breaking News

പടന്നക്കാടിൻ്റെ ചരിത്രമറിയാൻ പഠനയാത്ര നടത്തി.

പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നാലു വർഷകോഴ്സിൻ്റെ ഭാഗമായി ചരിത്ര വിഷയങ്ങൾ പഠിക്കുന്ന വിവിധ ഡിഗ്രി കോഴ്സുകളിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ പടന്നക്കാടിൻ്റെ ചരിത്രമറിയാൻ പഠനയാത്ര നടത്തി. നൂറ്റമ്പത് വിദ്യാർത്ഥികളാണ് പടന്നക്കാട്ടെ ചരിത്ര സ്മാരകങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിച്ചത്. പടന്നക്കാട്, കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ശവപ്പറമ്പ്, കടിഞ്ഞി മൂല, തീർത്ഥങ്കര, കടഞ്ഞത്തൂർ എന്നീ സ്ഥലനാമങ്ങളുടെ പെരുൾതേടി പ്രദേശവാസികളുമായി വിദ്യാർത്ഥികൾ സംവദിച്ചു. കടഞ്ഞത്തൂർ ആസ്ഥാനമായൊരു കാലത്ത് നിലനിന്നിരുന്ന ഭരണക്രമത്തെക്കുറിച്ചും തീർത്ഥകര, കടിഞ്ഞിമൂല തുടങ്ങിയ സ്ഥലങ്ങൾക്ക് പടിഞ്ഞാറ്റംകൊഴുവലിലെ നാഗച്ചേരി ക്ഷേത്രവുമായുള്ള ബന്ധത്തക്കുറിച്ചും വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കി. നിരവധി ദേശാടന പക്ഷികളുടെ സങ്കേതവും വിവിധയിനം പൂമ്പാറ്റകളുടേയും ജലജീവികളുടേയും ആവാസ കേന്ദ്രവും ഭിഭിന്നതരം സസ്യങ്ങളുടെ പ്രത്യേകിച്ച് ഔഷധ സസ്യങ്ങൾ കൊണ്ട് സമൃദ്ധവുമായ തീർത്ഥങ്കരയിൽ നിറഞ്ഞു നിൽക്കുന്ന താമര ഇതളുകളുടെ ഭംഗി ആസ്വദിച്ച് തീർത്തിരുന്ന് വിശ്രമിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്. തീർത്ഥങ്കരയിലെ താമരക്കുളത്തിന് നീലേശ്വരം രാജവംശവുമായുള്ള ബന്ധവും ഭസ്മക്കുളമെന്നും തീർത്ഥക്കുളമെന്നും വിളിക്കുന്നതിൻ്റെ കാരണവും വിദ്യാർത്ഥികൾ ചോദിച്ചു മനസ്സിലാക്കി. തീർത്ഥങ്കര, നാഗച്ചേരി എന്നീ സ്ഥലനാമങ്ങൾക്ക് ജൈനമതവുമായി ബന്ധമുണ്ടോ എന്നും വിദ്യാർത്ഥികൾ അന്വേഷിച്ചു. ഡോ എ.എം.അജേഷ് അധ്യക്ഷത വഹിച്ചു. ഡോ.നന്ദകുമാർ കോറോത്ത് ചരിത്ര പഠനയാത്ര ഉദ്ഘാടനം ചെയ്ത് "പടന്നക്കാടിൻ്റെ സാംസ്കാരിക-സാമൂഹ്യ ചരിത്രം" എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. എ. ശ്രീഷ്മ സ്വാഗതവും വിപഞ്ചിക സന്തോഷ് നന്ദിയും പറഞ്ഞു.

No comments