Breaking News

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം നാളെ തുടങ്ങും

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം നാളെ തുടങ്ങാനിരിക്കെ നീലേശ്വരം നഗരവികസനവും നീലേശ്വരം നിയമസഭാ നിയോജകമണ്ഡലം, നീലേശ്വരം താലൂക്ക് എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.
ജില്ലയിലെ മൂന്നാമത്തെ നഗരസഭയായി ഉയർന്ന നീലേശ്വരത്ത് ഇതിനു ശേഷം കഴിഞ്ഞ മൂന്ന് ടേമുകളിലായി സി പി എം ഭരിച്ചിട്ടും കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നില്ലെന്നത് സമ്മേളനത്തിൽ ചർച്ച ഉയർത്തും. നാലാമതൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും വിജയിക്കുകയും വേണമെങ്കിൽ നീലേശ്വരം നഗരവികസനം സാധ്യമാക്കണമെന്ന ആവശ്യം സമ്മേളന ചർച്ചയിൽ ഉയർന്നു വരും. നഗരവികസനത്തിനായി കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് നീലേശ്വരം നഗരസഭാ പരിധിയിലെ വിവിധ ലോക്കൽ സമ്മേളനങ്ങളിൽ ആവശ്യമുയർന്നിരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നഗരസഭാ തിരഞ്ഞടുപ്പിന് രാഷ്ട്രീയമായ ഒരുക്കങ്ങൾക്ക് ഒപ്പം ഇതും ആവശ്യമാണെന്ന ആവശ്യം പാർട്ടിയിൽ സജീവമാണ്. സംസ്ഥാനത്തെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ തിരഞ്ഞെടുത്തയച്ച നീലേശ്വരം മണ്ഡലം പുനസ്ഥാപിക്കുക, പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ വിവിധ കമ്മീഷനുകൾ നിർദേശിച്ച നീലേശ്വരം ആസ്ഥാനമായുള്ള താലൂക്ക് താലൂക്ക് യാഥാർഥ്യമാക്കുക എന്നീ ദിശയിലുള്ള ചർച്ചകളും സമ്മേളനത്തിൽ ഉയരും.
സി പി ഐ പ്രതിനിധീകരിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ പരിധിയിൽ അടുത്തിടെ നിലവിൽ വന്നെ വെള്ളരിക്കുണ്ട് താലൂക്ക് ഉൾപ്പെടെ രണ്ട് താലൂക്കുകൾ ഉണ്ട് എന്നതും വിമർശനമുയർത്തും. നീലേശ്വരം ലോക്കൽ കോളേജ്, മിനി സിവിൽ സ്‌റ്റേഷൻ, സാംസ്‌കാരിക നിലയം, ചലച്ചിത്ര വികസന കോർപറേഷൻ തിയറ്റർ സമുച്ചയം, തിരിച്ചും മറിച്ചും അളക്കൽ മാത്രം നടക്കുന്ന രാജാറോഡ് വികസന നടപടി എന്നിവയും നീലേശ്വരം നഗരസഭാ പരിധിയിലെയും തൊട്ടു നിൽക്കുന്ന ലോക്കലുകളിലെയും പ്രതിനിധികൾ ഉയർത്തും. വികസനകാര്യത്തിൽ സജീവമായ ഇടപെടലില്ലെങ്കിൽ വോട്ടർമാർ ഇടയുമെന്നതും ഇവർ ഉയർത്തിക്കൊണ്ടുവരുമെന്നറിയുന്നു.

No comments