നീലേശ്വരം നഗരസഭയിലെ വാർഡ് പുനർനിർണ്ണയം അശാസ്ത്രീയം: എസ്ഡിപിഐ.
നീലേശ്വരം നഗരസഭയിലെ വാർഡ് പുനർനിർണ്ണയം അശാസ്ത്രീയമാണെന്നാരോപിച്ച് പരാതി നൽകാനൊരുങ്ങി എസ്ഡിപിഐ. ഭരണകക്ഷിയായ സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് നടത്തിയ വാർഡ് പുനർനിർണ്ണയം ജനവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. ഇത് ഏറ്റവും കൂടുതൽ പ്രകടമാവുന്നത് തീരദേശ വാർഡുകളിലാണെന്നും നേതാക്കൾ പറയുന്നു. നഗരസഭയിൽ 1500 ഓളം വോട്ടർമാരുള്ള വാർഡുകൾ നിലനിൽക്കെ ഏതുവിധേനയും തീരദേശ മേഖലയിൽ സിപിഎമ്മിനു ഒരു സീറ്റ് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഴിത്തല മേഖലയിലെ വെറും 850 വോട്ടർമാർ മാത്രം ഉൾക്കൊള്ളുന്ന ഒരു വാർഡ് സൃഷ്ടിച്ചു. ഇതിനായി തൈക്കടപ്പുറം, പുറത്തേക്കൈ, കടിഞ്ഞിമൂല എന്നീ മൂന്ന് പ്രദേശങ്ങളെ ഉൾപ്പെടുത്തി മറ്റൊരു വാർഡ് ഉണ്ടാക്കിയിരിക്കയാണ്. ഇത് ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയും വികസന പദ്ധതികളെ സാരമായി ബാധിക്കുകയും ചെയ്യുന്നതിനാൽ നിലവിലെ കരട് വാർഡ് പുനർനിർണ്ണയത്തിലെ അപാകതകൾ പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് ഡീലിമിറ്റേഷൻ അധികൃതർക്ക് പരാതി നൽകുമെന്ന് എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് എംവി ഷൗക്കത്തലി, സെക്രട്ടറി ടി ഷഫീഖ്, ട്രഷറർ ഇഖ്‌ബാൽ തുടങ്ങിയവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
No comments