Breaking News

സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം14ന് വിളംബര ജാഥ നടന്നു

വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക് എന്ന മുദ്രാവാക്യമുയർത്തി ഇന്നു മുതൽ നവംബർ 20 വരെ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടക്കും.
കോട്ടച്ചേരി സഹകരണ ബാങ്കും ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയന്റെയും നേതൃത്വത്തിലാണ് ജില്ലാതല ഉദ്ഘാടന പരിപാടി. ഇതിന്റെ പ്രചാരണത്തിനായി വിളംബര ജാഥ നടത്തി. ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ തുടങ്ങിയ ജാഥ നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ എം. രാഘവൻ, ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ലോഹിതാക്ഷൻ, കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.വി. ലേഖ, ഹൊസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, നീലേശ്വരം സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.രാജേന്ദ്രൻ, വി.വി. പ്രസന്നകുമാരി, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, എ. മാധവൻ, കെ.രഞ്ജിത്ത്, നസീമ, കെ.ശോഭ, കെ.വി. വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും ഒരുക്കി.
ഇന്ന് രാവിലെ 10 മണിക്ക് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. സഹകരണ സംഘം വനിതാ ജീവനക്കാരുടെ തിരുവാതിരയുമുണ്ടാകും. സഹകരണ മന്ത്രാലയത്തിന്റെ നൂതന സംരംഭങ്ങൾ,   വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക് തുടങ്ങിയ സെമിനാറുകളുണ്ടാകും. ഐസിഎം റിട്ട. ഡയറക്ടർ വി എൻ ബാബു വിഷയാവതരണം നടത്തും. കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം മോഡറേറ്റർ ആകും. വിവിധ സഹകരണ സംഘം മേലധികാരികളും ഡയറക്ടർമാരും സംസാരിക്കും. സഹകാരികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് വൈകുന്നേരം 4.30 ന് കോട്ടച്ചേരിയിൽ നിന്ന് മാന്തോപ്പ് മൈതാനത്തേക്ക് ഘോഷയാത്ര. സമാപന സമ്മേളനം മാന്തോപ്പ് മൈതാനിയിൽ എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എം. രാഘവൻ അധ്യക്ഷത വഹിക്കും- ഘോഷയാത്രയിൽ മികച്ച നിശ്ചലദൃശ്യങ്ങൾ അവതരിപ്പിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് യഥാക്രമം 15,000, 10,000, 7500 രൂപ ക്യാഷ് അവാർഡും നൽകും.
.....

No comments