Breaking News

കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗത്വ കാലാവധി പൂർത്തിയാക്കിയ പി.പി.മുഹമ്മദ് റാഫിയെ കാസറഗോഡ് ജില്ലയിൽ നിന്നുള്ള ഹജ്ജ് ട്രൈനർമാർ ആദരിച്ചു.

കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗത്വ കാലാവധി പൂർത്തിയാക്കിയ നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ കൂടിയായ പി.പി.മുഹമ്മദ് റാഫിയെ കാസറഗോഡ് ജില്ലയിൽ നിന്നുള്ള ഹജ്ജ് ട്രൈനർമാർ ആദരിച്ചു. ആദരിക്കൽ ചടങ്ങ് മുൻ ഹജ്ജ് കമ്മറ്റി അംഗവും നീലേശ്വരം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ഷംസുദ്ദീൻ അരിഞ്ചിര ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ട്രൈനിംഗ് ഓർഗനൈസർ കെ.എ.മുഹമ്മദ് സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.ഭാർഗ്ഗവി മുഖ്യാതിഥിയായി. പി.പി.മുഹമ്മദ് റാഫി, സംസ്ഥാന ഹജ്ജ് ഫാക്കൽട്ടി എൻ.പി.സൈനുദ്ദീൻ, ഹജ്ജ് ട്രൈനിംഗ് ഓർഗനൈസർമാരായ എൻ.കെ.അമാനുല്ല, സിറാജുദ്ദീൻ.ടി.കെ, കെ.എം.കുഞ്ഞി, എ.പി.പി.കുഞ്ഞഹമ്മദ് ഹാജി, ഷൗക്കത്തലി .ടി എന്നിവർ പ്രസംഗിച്ചു. ജില്ലാ ട്രൈനിംഗ് ഓർഗനൈസർ ഉപഹാര സമർപ്പണം നടത്തി.
നീലേശ്വരം നഗരസഭാ വൈസ് ചെയർമാനും കേരളാ സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗവുമായ പി.പി.മുഹമ്മദ് റാഫി മൂന്ന് വർഷ കാലാവധി അവസാനിച്ചിരിക്കുകയാണ്. റാഫി അംഗമായ ഹജ്ജ് കമ്മറ്റി ശ്രദ്ധേയമായ അനേകം കാര്യങ്ങൾ കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ചെയ്‌തിട്ടുണ്ട്. ഹജ്ജ് ഹൌസിനോടനുബന്ധിച്ച് വനിതാ ബ്ലോക്ക് പ്രാവർത്തികമാക്കിയത് ഈ കാലയളവിലാണ്. നിതാന്ത പരിശ്രമത്തിലൂടെ തീർത്ഥാടകർക്കുണ്ടായിരുന്ന പതിനെട്ട് ശതമാനം ജി.എസ്.ടി. അഞ്ച് ശതമാനമാക്കി കുറച്ചു. കണ്ണൂർ-കാസറഗോഡ് ജില്ലകളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഏറെ സഹായകമാകുമാറ് കേരളത്തിന്റെ മൂന്നാമത്തെ എംബാർക്കേഷൻ പോയിന്റായി കണ്ണൂർ എംബാർക്കേഷൻ പോയിന്റ് സാക്ഷാത്ക്കരിക്കപ്പെട്ടു. കണ്ണൂർ എംബാർക്കേഷൻ പോയിന്റ് പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓരോ കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കി വെച്ചത്. കണ്ണൂരിൽ ഹജ്ജ് ഹൌസിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ ഹാജിമാർ കേരളത്തിൽ നിന്ന് യാത്രയായത് 2024 ലാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിച്ച ഹജ്ജ് ക്യാമ്പിന്റെ കഴിഞ്ഞ രണ്ട് (2023, 2024) വർഷങ്ങളിലെയും സംഘാടക സമിതി ജനറൽ കൺവീനർ പി.പി.മുഹമ്മദ് റാഫിയായിരുന്നു. തികഞ്ഞ നേതൃത്വ പാടവം കൊണ്ട് മികവുറ്റ ഹജ്ജ്‌ ക്യാമ്പാക്കി കണ്ണൂരിലേത് മാറ്റുവാൻ റാഫിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. യാത്രാ ക്രമീകരണങ്ങൾ മുതൽ താമസം, സഹായ സേവനങ്ങൾ വരെ, എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെ സംഘടനാ മിടുക്ക് പ്രകടമായിരുന്നു. വിവിധ തല്പരകക്ഷികൾക്കിടയിൽ സഹകരണം വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവാണ് റാഫിയുടെ ശ്രദ്ധേയമായ ശക്തികളിൽ ഒന്ന്. രാഷ്ട്രീയ, സമുദായ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഒരുമിച്ച് കൊണ്ടുവന്ന് അദ്ദേഹം ഐക്യത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിച്ചു. ഈ സഹകരണ മനോഭാവം ഹജ്ജ് കമ്മിറ്റിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക മാത്രമല്ല, തീർഥാടകർക്കിടയിൽ ഉന്നമനവും പരസ്പര പിന്തുണയും പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിനുള്ളിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തു. നീലേശ്വരം നഗരസഭാ വൈസ് ചെയര്മാനെന്ന നിലയിലും വിവിധങ്ങളായ പരിപാടികളുടെ സംഘടകനെന്ന നിലയിലും റാഫിയുടെ നേതൃത്വ പാടവം പരക്കെ ചർച്ച ചെയ്യപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതുമാണ്.

No comments