മുഖം മാറാനൊരുങ്ങി നീലേശ്വരം റെയിൽവേ സ്റ്റേഷൻ
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ തയ്യാറായി വരുന്നു. നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന്, ടിക്കറ്റ് കൗണ്ടർ ഉൾപ്പടെ പുതിയ കെട്ടിടം നിർമ്മിക്കും. കഴിഞ്ഞ ദിവസം നീലേശ്വരം റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചതാണ് ഇക്കാര്യം. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ താഴെ പറയുന്നു
1 ആധുനിക രീതിയിലുള്ള ടിക്കറ്റ് കൌണ്ടറോട് കൂടി പുതിയ കെട്ടിടം
2 ഗാന്ധി പ്രതിമക്ക് താഴെയുള്ള ഭാഗം വാഹന പാർക്കിങ്ങിന് സജ്ജമാക്കും.
3 കിഴക്ക് ഭാഗത്ത് പ്രത്യേക പ്രവേശന കവാടവും, വാഹന പാർക്കിങ് സൗകര്യവും
4 ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതി നിലവിലുള്ള ബേലൈൻ വരെ കൂട്ടും.
5 ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും.
6 പ്ലാറ്റ്ഫോമിൽ കൂടുതൽ മേൽക്കൂരകൾ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ എന്നിവ സ്ഥാപിക്കും.
നീലേശ്വരം റെയിൽവേ ഡെവലപ്പ്മെന്റ് കളക്റ്റീവ് ( എൻ ആർ ഡി സി ) സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും, അനുമതി ലഭിക്കുന്ന മുറക്ക് ടെണ്ടർ നടപടികളിലേക്ക് നീങ്ങുമെന്നും എൻ ആർ ഡി സി ഭാരവാഹികളുമായുള്ള ചർച്ചയിൽ
അദ്ദേഹം പറഞ്ഞു. നിലവിൽ സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. കൂടുതൽ വണ്ടികളുടെ സ്റ്റോപ്പും, ഗ്രൂപ്പ് ബുക്കിങ്ങും വന്നതിനു ശേഷം സ്റ്റേഷന്റെ പ്രതിദിന വരുമാനം രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയിൽ ഉയർന്നതായി എൻ ആർ ഡി സി ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. എൻ ആർ ഡി സി രക്ഷാധികാരി ഡോ വി സുരേശൻ, പ്രസിഡണ്ട് കെഎം ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ സദാശിവൻ, വൈസ് പ്രസിഡണ്ട് സി എം സുരേഷ് കുമാർ, ജോയിൻ സെക്രട്ടറി കെ ബാബുരാജ്, ട്രഷറർ എം ബാലകൃഷ്ണൻ, പി ടി രാജേഷ്, പി യു ചന്ദ്രശേഖരൻ, ചീഫ് സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദ് നായക്, കമർഷ്യൽ സൂപ്പർവൈസർ രാജീവ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനൽ മാനേജരെയും സംഘത്തെയും സ്വീകരിച്ചു. പ്രൊജക്റ്റ് ഷെൽട്ടർ പദ്ധതിയുടെ ഭാഗമായി എൻ ആർ ഡി സി നിർമിച്ചു നൽകിയ രണ്ട് വീടുകൾ അദ്ദേഹം സന്ദർശിക്കുകയും എൻ ആർ ഡി സി യെ അഭിനന്ദിക്കുകയും ചെയ്തു.
No comments