ലോൺ ഏജൻറ് മുങ്ങി: പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിൻറെ വീടും പറമ്പും സ്വകാര്യ ബാങ്ക് ജപ്തി ചെയ്തു
മടിക്കൈ ഗ്രാമപ്പഞ്ചായത്ത് മാവിലത്ത് പുളിക്കാൽ സ്വദേശി ആയ പട്ടിക വർഗ്ഗ വിഭാഗത്തിൽത്തിൽപ്പെട്ട കണ്ണന്റെയും വെള്ളച്ചിയുടെയും മകൾ സി കെ സിന്ധുവിന്റെ വീടാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ കാസർകോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിലൂടെ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻസ് ജപ്തി ചെയ്തത്.
വീടിന് ഫ്ളക്സ് ബോർഡും, നോട്ടീസും പതിച്ച് പൂട്ടിയ നിലയിലാണ് ഇപ്പോൾ ഉള്ളത്.
പ്രായമായതിനാൽ സി കെ സിന്ധുവിന്റെ മകൻ സി കെ സിനീഷിൻറെ പേരിലാണ് മഹീന്ദ്ര & മഹീന്ദ്ര ഫിനാൻസിൽ നിന്നും വീട് നിർമ്മാണം പൂർത്തികരിക്കാനായി രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്.
മഹീന്ദ്ര & മഹീന്ദ്രയുടെ ലോൺ ഏജൻറ് ചെറുപുഴയിലെ ടിനു മുഖാന്തരമാണ് വായ്പ എടുത്തത്.
വായ്പ തിരിച്ചടവ് തുക എല്ലാമാസവും ലോൺ ഏജൻറ് ടിനു മടിക്കൈ വീട്ടിൽ ചെന്നാണ് വാങ്ങിക്കുന്നത്. തിരിച്ചടവ് തുകയ്ക്കുള്ള രസീത് ടിനു നൽകാറില്ല. ടിനുവിനെ അന്വേഷിച്ച് കാഞ്ഞങ്ങാട് ശാഖയിൽ അന്വേഷിച്ചപ്പോൾ മലപ്പുറം ശാഖയിൽ മാറ്റി എന്നാണ് അറിയിച്ചത്.
ഇതിനിടയിൽ വായ്പ തുക കുടിശ്ശിക ആയതിനാൽ മഹീന്ദ്ര & മഹീന്ദ്ര ഫിനാൻസ് കാഞ്ഞങ്ങാട് ശാഖ കാസർകോഡ് ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു.
കോടതി പ്രത്യേക ദൂതൻ മുഖേന നോട്ടീസ് വന്നപ്പോഴാണ് വീടും പറമ്പും ജപ്തി നടപടി ആക്കുവാനാണ് എന്ന് മനസ്സിലായത്. പിന്നീട് അറുപതിനായിരം രൂപയുമായി മഹീന്ദ്ര & മഹീന്ദ്ര ഫിനാൻസ് കാഞ്ഞങ്ങാട് ശാഖയിൽ സിന്ധുവും , മകൻ സിനീഷും, മകൾ ധന്യയും പോയപ്പോൾ തിരിച്ചടയ്ക്കാൻ സമ്മതിക്കാതെ ശാഖയിൽ നിന്നും പുറത്തേക്ക് പറഞ്ഞു അയച്ചു. ഈ സമയത്ത് മലപ്പുറത്ത് മാറ്റിയ ലോൺ ഏജൻറ് ടിനുവിനെ കണ്ടു. ഇത് അന്വേഷിച്ചപ്പോൾ ശാഖ ജീവനക്കാർ മറുപടി ഒന്നും പറഞ്ഞില്ല.
സിന്ധുവിനെ കൂടാതെ 75 വയസ് പ്രായമുള്ള അച്ഛൻ കണ്ണൻ, 65 വയസ് പ്രായമുള്ള അമ്മ വെള്ളച്ചി , 22 വയസ് പ്രായമുള്ള മകൾ ധന്യയും, മകൻ സിനീഷുമാണ് താമസിക്കുന്നത്.
2021 ഡിസംബർ 21 ആണ് മഹീന്ദ്ര ഫിനാൻസ് കാഞ്ഞങ്ങാട് ശാഖയിൽ നിന്നും വായ്പ എടുത്തത്.
വീട് ജപ്തി ചെയ്തതതോടെ താമസിക്കുവാൻ ഇടമില്ലാത്ത അവസ്ഥയാണ് സിന്ധുവിന്റെ കുടുംബത്തിന് ഉള്ളത്. വീടിനോട് ചേർന്ന് ഓല കൊണ്ടു നിർമ്മിച്ച് പ്ളാസ്റ്റിക് ഷീറ്റ് പുതച്ച പന്തലിലാണ് പ്രായം ചെന്ന മാതാപിതാക്കളെയും, പ്രായപൂർത്തിയായ മകളെയും കൊണ്ടു രാത്രിയിലും പകലിലും കഴിച്ചു കൂട്ടുന്നത്.
മടിക്കൈ ഗ്രാമപ്പഞ്ചായത്ത് നൽകിയ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് മഹീന്ദ്ര ഫിനാൻസിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്.
മകൻ സിനിഷ് കൂലിപ്പണി എടുത്തിട്ടാണ് കുടുംബം പുലർത്തുന്നത്.
നിത്യ രോഗിയായ അച്ഛനെയും അമ്മയെയും പരിചരിക്കുന്നതു കൊണ്ടു സിന്ധുവിന് കൂലിപ്പണിക്ക് പോകുവാൻ സാധിക്കുന്നില്ല.
വീടും പറമ്പും ജപ്തി ചെയ്ത് അറിഞ്ഞു ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് പട്ടിക ജാതി പട്ടിക വർഗ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ ബാബു കാസർകോഡ്, കോൺഗ്രസ് നേതാവ് സഞ്ജീവൻ മടിവയൽ എന്നിവർ മടിക്കൈ മാവിലത്ത് പുളിക്കാലുള്ള സി കെ സിന്ധുവിന്റെ വീട് സന്ദർശിച്ചു നിയമ സംരക്ഷണം സംബന്ധിച്ച് ഉറപ്പ് നൽകി.
No comments