കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനം നവം. 2, 3 തീയതികളിൽ കാസർകോട്ട്
കേരള സഹകരണ ഫെഡറേഷൻ ഒൻപതാമത് സംസ്ഥാന സമ്മേളനം നവംബർ 2, 3 തീയതികളിൽ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.
14 ജില്ലകളിൽ നിന്നുമെത്തുന്ന 300 പ്രതിനിധികൾ ഉൾപ്പെടെ മുന്നൂറ്റിയൻപതോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ കാസർകോട് പ്രസ്‌ക്ലബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ന് വൈകുന്നേരം 3 മണിക്ക് കാസർകോട് സന്ധ്യാരാഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ സഹകരണ മേഖല: വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ സെമിനാർ. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. വി.കെ.രവീന്ദ്രൻ മോഡറേറ്റർ ആകും. കെഎസ്എഫ് ജനറൽ സെക്രട്ടറി അഡ്വ.എം.പി.സാജു വിഷയാവതരണം നടത്തും. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം, യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ എ.ഗോവിന്ദൻ നായർ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, കെ.വി.കൃഷ്ണൻ (സിപിഐ) എന്നിവർ സംബന്ധിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ ടി.വി.ഉമേശൻ, കൺവീനർ ടി.കെ.വിനോദ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് കണ്ണൂർ മില്ലെനിയം ഓർക്കസ്ട്രയുടെ ഗാനമേള. നവംബർ 3 ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ. 9 മണിക്ക് പതാക ഉയർത്തൽ. തുടർന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷത വഹിക്കും. സഹകരണവകുപ്പ് മുൻ മന്ത്രി ജി.സുധാകരൻ, ഷിരൂർ ദൗത്യത്തിനു നേതൃത്വമേകിയ മഞ്ചേശ്വരം എംഎൽഎ, എ.കെ.എം.അഷ്‌റഫ് എന്നിവർക്ക് സ്‌നേഹാദരം നൽകും. കേരള സഹകരണ ഫെഡറേഷൻ ജനറൽ സെക്രട്ടറി അഡ്വ.എം.പി.സാജു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. ചർച്ചയ്ക്കും മറുപടിക്കും ശേഷം ഭാരവാഹികളെ തിരഞ്ഞെടുക്കും. സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ, ജനറൽ കൺവീനർ ടി.വി.ഉമേശൻ, കെഎസ്എഫ് ജില്ലാ പ്രസിഡന്റ് വി.കമ്മാരൻ, എക്‌സിക്യൂട്ടീവ് അംഗം സി.വി.തമ്പാൻ, കൺവീനർ ടി.കെ.വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments