നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.ആർ. ശ്രീനാഥിന് ലഭിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കുറ്റാന്വേഷണ, ബോധവൽക്കരണ മികവിന് അംഗീകാരമായി
പോലീസ് സംവിധാനത്തെയും പൊതുജനങ്ങളെയും അടുപ്പിക്കുകയും സൈബർ ലോകത്തെ ചതിക്കുഴികൾ ചൂണ്ടിക്കാട്ടുകയും ചെയ്ത് ഉത്തരകേരളത്തിലങ്ങോളമിങ്ങോളമായി രണ്ടായിരത്തിൽ അധികം ബോധവൽക്കരണ ക്ലാസുകൾ. ഒപ്പം കുറ്റാന്വേഷണ മേഖലയിലും മികവും സാമർത്ഥ്യവും. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പി.ആർ. ശ്രീനാഥിന് ലഭിച്ച മുഖ്യന്ത്രിയുടെ പോലീസ് മെഡൽ അക്ഷരാർത്ഥത്തിൽ മികവിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമാവുകയാണ്. മകുടം ചാർത്തുകയാണ്.
കഴിഞ്ഞ 2 വര്‍ഷമായി കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് ഇദ്ദേഹം ജോലി ചെയ്‌തു വരുന്നത്. നേരത്തെ 7 വര്‍ഷം കാസര്‍കോട് സൈബര്‍ സെല്ലിലും പ്രവര്‍ത്തിച്ചിരുന്നു. ഇരുമേഖലകളിലുമായി ഏതാണ്ട് 10 വര്‍ഷത്തോളം നീണ്ട പ്രായോഗിക പ്രവര്‍ത്തന പരിചയം. സിദ്ധാന്തപരമായും പ്രായോഗികമായും നേടിയ അറിവുകള്‍ വച്ച് ശ്രീനാഥ് നല്‍കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ഇതിനകം തന്നെ ശ്രദ്ധ നേടിയതാണ്. ഇതേ കാര്യക്ഷമതയോടെ കുറ്റാന്വേഷണ മികവും. പ്രമാദമായ നിരവധി സൈബര്‍ കേസുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിലും തെളിയിക്കുന്നതിലും നിര്‍ണായക സേവനം നല്‍കിയ ഉദ്യോഗസ്ഥനാണ്.
ജോലിയിലെ മികവിന് 2016 ലും 2018 ലും ഡിജിപിയുടെ ബാഡ്‌ജ് ഓഫ് ഹോണറും നേടിയിരുന്നു. നീലേശ്വരം രാജാസ് എച്ച്‌എസ്‌എസ്, ചെറുവത്തൂര്‍ കുട്ടമത്ത് ജിഎച്ച്‌എസ്‌എസ് എന്നിവിടങ്ങളില്‍ പ്ലസ്‌ടു വരെ പഠിച്ച ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംകോം നേടി. 2009 ല്‍ കാസര്‍കോട് എ.ആര്‍.ക്യാംപില്‍ സര്‍വീസില്‍ കയറി. ട്രാഫിക്, ബദിയടുക്ക ചന്തേര പോലീസ് സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്‌ത ശേഷം സൈബര്‍ സെല്ലിൽ എത്തി. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പരേതനായ ജി.പുഷ്‌പാംഗദൻ നായരുടെയും പി.രമാദേവിയുടെയും മകനാണ്. ഭാര്യ: ടി.കെ.ശ്രീപ (സിവിൽ പോലീസ് ഓഫീസർ, അമ്പലത്തറ). മക്കൾ: ആർദ്ര, രുദ്ര (കൊഴുമ്മൽ എഎൽപിഎസ്). സഹോദരങ്ങൾ: വ്യക്തിത്വ വികസന പരിശീലകൻ പി.ആർ. ശ്രീനി (കെഎസ്ഇബി, കാസർകോട്), പി.ആർ. ശ്രീകാന്ത് (ഫാർമസിസ്റ്റ്, എച്ച്എൻഎൽ, എറണാകുളം).
No comments