Breaking News

തെരുവു വിളക്കുകള്‍ ഒന്നൊന്നായി കണ്‍ചിമ്മിയതോടെ നീലേശ്വരം നഗരസഭയിലെ വാര്‍ഡുകളെല്ലാം ഇരുട്ടില്‍.

കഴിഞ്ഞ 5 മാസത്തിനിടെ തെരുവു വിളക്കുകള്‍ ഒന്നൊന്നായി കണ്‍ചിമ്മിയതോടെ നീലേശ്വരം നഗരസഭയിലെ വാര്‍ഡുകളെല്ലാം ഇരുട്ടില്‍.
ഇതോടെ വാര്‍ഡുകളിലേക്കു പോകാനാകാത്ത സ്ഥിതിയാണെന്നു യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ പറയുന്നു. കഴിഞ്ഞ 6 മാസത്തോളമായി പ്രകാശിക്കാത്ത തെരുവുവിളക്കുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌. നിലാവ്‌ പദ്ധതി നടപ്പാക്കിയ നീലേശ്വരം നഗരസഭയില്‍ തെരുവു വിളക്ക്‌ പദ്ധതി അപ്പാടെ പാളിയ നിലയിലാണ്‌. വാര്‍ഡ്‌ കൗണ്‍സിലര്‍മാര്‍ ഊഴമിട്ട്‌ നിരവധി തവണ വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചിട്ടും പരിഹാരമില്ല.
ഇതോടെ തീരദേശ മേഖലയിലെ വാര്‍ഡുകള്‍ തെരുവു നായ്‌ക്കള്‍ കയ്യടക്കിയ നിലയാണെന്നും ഇവര്‍ പറഞ്ഞു. തെരുവു വിളക്കുകള്‍ അറ്റകുറ്റപ്പണി ചെയ്‌തു പ്രകാശിപ്പിക്കാനുള്ള നടപടിയില്ലെങ്കില്‍ ജനങ്ങളെ സംഘടിപ്പിച്ചു സമരപരമ്പര തീര്‍ക്കാന്‍ യുഡിഎഫ്‌ കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ഷജീര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ലീഡര്‍ റഫീഖ്‌ കോട്ടപ്പുറം, കെ.വി.ശശികുമാര്‍, വിനു നിലാവ്‌, അന്‍വര്‍ സാദിഖ്‌, എം.ഭരതന്‍, പി.കെ.ലത, പി.ബിന്ദു, ഇ.അശ്വതി എന്നിവര്‍ പ്രസംഗിച്ചു.

No comments