Breaking News

ചെറുവത്തൂരിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ സ്ഥാപിക്കാൻ സർക്കാർ അനുമതിയായതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.

ചെറുവത്തൂരിൽ സ്പോർട്സ് ലൈഫ് ഫിറ്റ്നസ് സെന്റർ സ്ഥാപിക്കാൻ സർക്കാർ അനുമതിയായതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.
സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എംഎൽഎ ഫണ്ടും സംയോജിപ്പിച്ച് 94 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിക്കുക. ചെറുവത്തൂർ പഞ്ചായത്തിന്റെ കുടുംബശ്രീ സിഡിഎസ് ഓഫീസ് പ്രവർത്തിക്കുന്ന ബിൽഡിങ്ങിന്റെ രണ്ടാംനില ജിംനേഷ്യം നിർമിക്കാനായി ചെറുവത്തൂർ പഞ്ചായത്ത് വിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഇതിനകം കെട്ടിട നിർമാണം പൂർത്തിയാക്കി. ഫിറ്റ്നസ് സെന്ററിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിന് 
കായിക യുവജനകാര്യ വകുപ്പിൽ നിന്ന് 69 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതോടെ ചെറുവത്തൂരിൽ ആധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി ജിംനേഷ്യം യാഥാർത്ഥ്യമാവുകയാണ്.
ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കുക, വൈദ്യുതീകരണം, സിവിൽ വർക്ക്, ഫർണിച്ചർ, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയവ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് സ്ഥാപിക്കുക.കായിക വകുപ്പിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ സ്ഥാപിക്കുന്ന ആദ്യത്തെ ഫിറ്റ്നസ് സെന്റർ ആണിത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയവും, കാലിക്കടവ് സ്റ്റേഡിയവും നേരത്തെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. നടക്കാവിൽ നിർമ്മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ ഫിനിഷിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്. കായിക താരങ്ങളുടെയും ജനങ്ങളുടെയും കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് കൂടിയാണ് ജിംനേഷ്യം സ്ഥാപിക്കുന്നത്. കായിക താരങ്ങൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ജിംനേഷ്യ ത്തിൽ പ്രവേശനം നൽകും.
76 ഓളം ആധുനിക ഫിറ്റ്നസ് ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കുകയെന്നും എംഎൽഎ അറിയിച്ചു.

No comments