Breaking News

നീലേശ്വരം പള്ളിക്കര സെന്റ് ആൻഡ് എയുപി സ്കൂളിൽ നടത്തിയ കഥാമൃതം പരിപാടി കുട്ടികൾക്ക് ആവേശമായി.

മൂന്നാം തരം മലയാളം പാഠപുസ്തകത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് നീലേശ്വരം പള്ളിക്കര സെന്റ് ആൻഡ് എയുപി സ്കൂളിൽ നടത്തിയ കഥാമൃതം പരിപാടി കുട്ടികൾക്ക് ആവേശമായി.
പാഠപുസ്തകത്തിലെ കഥാപാത്രങ്ങളായി തങ്ങളുടെ അധ്യാപകരെ കണ്ടത് കുട്ടികൾക്ക് വിസ്മയവും പകർന്നു. സ്കൂൾ അധ്യാപകരായ ഇ.വി.ഗീത, കെ.സി.ഷൈമ, ടി.വി. മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയൊരുക്കിയത്. മൂന്നാം തരം മലയാളം പാഠപുസ്തകത്തിലെ നാട്ടുകഥകൾ കേട്ട് ആസ്വദിക്കുക, ഇവയിൽ അടങ്ങിയ താളം തിരിച്ചറിഞ്ഞ് രസിക്കുക തുടങ്ങിയ പഠന നേട്ടങ്ങൾ കുട്ടികൾക്ക് അനുഭവവേദ്യമാക്കി കൊടുക്കുകയായിരുന്നു ലക്ഷ്യം. കേളപ്പേട്ടനായി വേഷമിട്ട മിഥുൻ മാഷേയും ജാനുവേട്ടത്തിയായി എത്തിയ ഷൈമ ടീച്ചറെയും കുട്ടികൾ ആർപ്പുവിളികളോടെ വരവേറ്റു. കഥയുടെ അവസാന ഭാഗത്തെ പാട്ടിന് ചെണ്ടയുമെടുത്ത് താളം പിടിച്ച് കുട്ടികൾക്കൊപ്പം കേളപ്പേട്ടനും ജാനുവേട്ടത്തിയും അരങ്ങ് തകർത്തു. പുതിയ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വേറിട്ട പഠന സമീപനങ്ങളെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വ്യത്യസ്തമായ പരിപാടികളിലൂടെ ഏറ്റെടുക്കുകയാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

No comments