യുവകലാസാഹിതി കാസറഗോഡ് ജില്ലാ കമ്മിറ്റി രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണം നടത്തി;
യുവകലാസാഹിതി കാസറഗോഡ് ജില്ലാ കമ്മിറ്റി രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണം നടത്തി; കലാലയ കഥാപുരസ്കാരവും സമ്മാനിച്ചു. കാഞ്ഞങ്ങാട് എം.എൻ. സ്മാരകത്തിൽ നടന്ന പരിപാടി ഈ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടിന്റെ സാംസ്കാരിക വൈവിധ്യം സംരക്ഷിക്കാൻ ജാഗ്രത്തായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നാടിന്റെ ചരിത്രവും സംസ്കാരവും വളച്ചൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രാജീവൻ കാഞ്ഞങ്ങാടിനെപ്പോലെ നാടിന്റെ ചരിത്രത്തിലും സംസ്കാരത്തിലും വേരുറപ്പിച്ചു നിന്ന് സാഹിത്യരചന നടത്തിയ എഴുത്തുകാർ എന്നും ഓർമിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയർമാൻ എ. ദാമോദരൻ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ജയൻ നീലേശ്വരം രാജീവൻ കാഞ്ഞങ്ങാട് അനുസ്മരണം നടത്തി. രാജീവൻ കാഞ്ഞങ്ങാട് സ്മാരക സംസ്ഥാന കലാലയ കഥാ പുരസ്കാരത്തിന് അർഹനായ അശ്വിൻ ചന്ദ്രന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. രാധാകൃഷ്ണൻ പെരുമ്പള അവാർഡ് സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ഷെരീഫ് കുരിക്കൾ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു, കരുണാകരൻ കുന്നത്ത്, രാഘവൻ മാണിയാട്ട്, ഒ.ബാലൻ, സുനിത കരിച്ചേരി, സുനിൽകുമാർ മനിയേരി, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments