Breaking News

പ്രൊഫസർ പി.എ.സഹീദ് പുരസ്കാരം നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞി തായലക്കണ്ടിക്ക്.

തിരുവനന്തപുരത്തെ അഭയകേന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ആരോഗ്യ, ജീവകാരുണ്യ സേവന മേഖലയിൽ നൽകി വരുന്ന പ്രൊഫസർ പി.എ.സഹീദ് പുരസ്കാരം നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞി തായലക്കണ്ടിക്ക്.
കാൽലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. ഖത്തറിൽ ഔദ്യോഗിക ജീവിതത്തിനൊപ്പം കാൽനൂറ്റാണ്ടായി ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ് ഇദ്ദേഹം. രോഗബാധിതരാക്കുന്ന പ്രവാസികൾക്കുള്ള ആതുര സഹായം ഏർപ്പെടുത്തൽ, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കൽ, ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെടുന്ന പ്രവാസികളെ കണ്ടെത്തി സഹായം എത്തിക്കൽ, പ്രവാസികളിൽ സർക്കാർ പദ്ധതികൾ സംബന്ധിച്ച അവബോധം സൃഷ്ടിക്കൽ, ജോലി കണ്ടെത്താൻ സഹായിക്കൽ തുടങ്ങി വിവിധ മേഖലകളിൽ സന്നദ്ധ, സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സജീവ സാന്നിധ്യമാണ്.
കോവിഡ് കാലത്ത് സന്നദ്ധ സേവനത്തിലൂടെ രോഗബാധിതർക്ക് ആശ്വാസം പകർന്നു. രോഗമുക്തരായവരെയും കോവിഡ്ആശങ്കയിലായി മടങ്ങാൻ ആഗ്രഹിച്ചവരെയും നാട്ടിൽ തിരിച്ചെത്താൻ എല്ലാ സഹായങ്ങളും ചെയ്തു. 
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കൽ,  നിരാലംബർക്ക് ആശ്വാസം പകരൽ, അബദ്ധത്തിൽ കേസിൽ കുടുങ്ങുന്നവർക്ക് നിയമസഹായം നൽകൽ, ജയിൽ വിമോചിതരെ നാട്ടിലെത്തിക്കൽ എന്നീ പ്രവർത്തനങ്ങളുടെയും മുൻ നിരയിലുണ്ട്. ഖത്തർ പ്രവാസി വെൽഫെയർ ഫോറത്തിന്റെ സ്ഥാപക നേതാവും ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐസിബിഎഫ്) സെക്രട്ടറിയുമാണ്. വയലാർ ഗോപകുമാർ ചെയർമാനും എം. മെഹബൂബ്, സിദ്ദിഖ് സൈനുദ്ദീൻ, മുർഷിദ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

No comments