തെയ്യം റീൽസ് ഒരുക്കി നവീൻ പൈനി
മൊബൈൽ ക്യാമറയിലെ കയ്യടക്കവും കരവിരുതും കൊണ്ട് ആകർഷകമായ തെയ്യം റീൽസും വീഡിയോകളും ഒരുക്കുകയാണ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിയായ നവീൻ പൈനി.
നവീൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന റീലുകളും വീഡിയോകളും നീലേശ്വരം മേഖലയിൽ കളിയാട്ടങ്ങളുടെയും ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. എഡിറ്റ് ചെയ്ത് ഭംഗിയാക്കി ദൃശ്യകളുടെ ശരിമയ്ക്കനുസരിച്ച് സ്തുതിയോ സംഗീതമോ ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ നിമിഷ വേഗത്തിൽ നല്ല റീച്ച് നേടുന്നുണ്ട്. നിരവധി പേർ ഈ വീഡിയോകൾ എടുത്ത് സ്റ്റാറ്റസായി ഉപയോഗിക്കുകയും റീ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതോടെ ചില വീഡിയോകൾ വൈറൽ ആകുന്നു. നീലേശ്വരം മേഖലയിൽ എവിടെ കളിയാട്ടങ്ങൾ ഉണ്ടായാലും തെയ്യാട്ടക്കളത്തിൽ തന്റെ മൊബൈൽ ക്യാമറയുമായി നവീൻ പൈനി ഉണ്ടാകും. കാസറഗോഡ് ജില്ലയിൽ കെട്ടിയാടുന്ന എല്ലാ തെയ്യങ്ങളും ചിത്രീകരിച്ച് യൂട്യൂബിൽ ഇട്ട വീഡിയോയാണ് ആദ്യം വൈറൽ ആയത്. ഇത് വലിയ പ്രോത്സാഹനമായി. ഇതോടെ ഓരോ തറവാടുകളിലും പോയി കളിയാട്ടങ്ങൾ എടുത്ത് ഇൻസ്റ്റഗ്രാം റീൽസ് തയാറാക്കി പോസ്റ്റ് ചെയ്തു. ഇതിന് വ്യാപക സ്വീകാര്യത കിട്ടിയതോടെ കളിയാട്ടക്കാവുകളിൽ തിരിച്ചറിയപ്പെടാൻ തുടങ്ങി. മുഖപരിചയമില്ലാത്ത അനേകം സുഹൃത്തുക്കളെയും ആരാധകരെയും കിട്ടി. ഇപ്പോൾ കളിയാട്ട സ്ഥലങ്ങളിൽ എത്തിയാൽ തെയ്യം കാണാൻ വന്നവരും തെയ്യം കോലധാരികളുടെ സഹായികളും ഒക്കെ നവീനിന് മികച്ച വീഡിയോ ചിത്രീകരിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കും. നീലേശ്വരം ജി എൽ പി സ്കൂളിലും രാജാസ് ഹയർസെക്കന്ററി സ്കൂളിലുമായി 1 മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കാലത്തു തന്നെ തെയ്യങ്ങളോട് പ്രത്യേക ഇഷ്ടമായിരുന്നു. ചെണ്ടപ്പുറത്ത് കോൽ വീഴുന്നിടത്തെല്ലാം എത്തും. കയ്യിൽ മൊബൈൽ ഫോൺ കിട്ടിയതോടെ തെയ്യങ്ങളുടെ ചിത്രമെടുത്തു തുടങ്ങി. നവീൻ പകർത്തിയ തെയ്യം ഫോട്ടോകൾ വിവിധ പത്രമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്‌മെന്റ് കോളേജിൽ നിന്ന് ബികോം പൂർത്തിയാക്കി. ജിഎസ്ടി വകുപ്പിൽ ജീവനക്കാരനായ നവീൻ പൈനി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പുളിചേര്യം വീട്ടിലെ കരിപ്പോത്ത് നാരായണൻ നായരുടെയും പൈനി പുഷ്പയുടെയും മകനാണ്. സഹോദരി: നവ്യ പൈനി (അബാക്കസ് ട്രെയിനർ, നീലേശ്വരം).
No comments