ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നീലേശ്വരത്ത് നടന്നു
ഫാ. ലൂയി മരിയദാസ് നേതൃത്വം നൽകുന്ന ഗ്രാസിയ ക്രിയേഷൻസിന് കീഴിൽ രൂപീകരിച്ച ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നീലേശ്വരത്ത് നടന്നു.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടികൾ പോത്താംകണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണിവയൽ വികാരി റവ.ഫാ.സേവ്യർ പുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമാതാരം അഡ്വ.സി.ഷുക്കൂർ മുഖ്യാതിഥിയും നാടകാചാര്യനും സിനിമാതാരവുമായ മുഹമ്മദ് പേരാമ്പ്ര വിശിഷ്ടാതിഥിയുമായി.
കാസറഗോഡിന്റെ വൈറൽ ഗായിക ടി.ആർ. ജയരഞ്ജിതയ്ക്ക് ഗ്രാസിയ പുരസ്കാരം സമ്മാനിച്ചു. തിരുവനന്തപുരം ചൈതന്യ ചലച്ചിത്ര അക്കാദമി ഡയറക്ടർ അനിൽ സ്വാമി പ്രസംഗിച്ചു. ഗ്രാഡിയ ഡയറക്ടർ ഫാ. ലൂയി മരിയദാസ് സ്വാഗതവും കാസറഗോഡ് ജില്ലാ കോ-ഓർഡിനേറ്റർ മത്തായി ചുരത്തിൽ നന്ദിയും പറഞ്ഞു. രണ്ടാം വാർഷികത്തോടനുബന്ധിച്ച് അക്കാദമി സംഘടിപ്പിച്ച അഭിനയ പരിശീലന പരിപാടിയിൽ കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. നിലവിൽ അക്കാദമിയിൽ 120 കുട്ടികളാണ് സൗജന്യമായി സംഗീതം പഠിക്കുന്നത്. പണമില്ലാത്തതിന്റെ പേരിൽ ആർക്കും കലാപരിശീലനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി രൂപീകരിച്ചത്. ഇതിനകം വിവിധ യൂണിറ്റുകളിലായി മുന്നൂറിൽ അധികം പേർക്ക് ഗ്രാസിയാ അക്കാദമി കലാപരിശീലനം നൽകിയിട്ടുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ചിറ്റാരിക്കൽ യൂണിറ്റിൽ ഇപ്പോൾ 120 പേർക്കാണ് പരിശീലനം നൽകി വരുന്നത്.

No comments