നിലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറില്ല:
നീലേശ്വരം നഗരസഭയിലെ തീരദേശജനത ആശ്രയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദത്തിൽ ഡോക്ടറില്ല.
2 ഡോക്ടർമാർ ഇവിടെയുണ്ടെങ്കിലും ഒരാൾ നാളുകളായി അവധിയിലാണ്. രണ്ടാമത്തെ ഡോക്ടറും ഇന്നലെ മുതൽ അവധിയിൽ പോയതോടെയാണ് ഇവിടെ ചികിസ തേടിയെത്തിയവർ വഴിയാധാരമായത്. 15 ദിവസത്തേക്കാണ് അവധി. നാട്ടുകാർ വിവരമറിയിച്ചതുസരിച്ച് വാർഡ് കൗൺസിലർ അൻവർ സാദിഖ് വേലിക്കോത്ത് കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ 2 ഡോക്ടർമാരും അവധിയിൽ പോയതിനെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയെക്കുറിച്ച് ഡിഎംഒയ്ക്കും അറിവൊന്നുമില്ലാത്ത സ്ഥിതിയാണെന്ന് അൻവർ സാദിഖ് പറഞ്ഞു. വിവരം ശ്രദ്ധയിൽ പെടുത്തിയതോടെ താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താമെന്ന വിവരം ലഭിച്ചതായും കൗൺസിലർ കൂട്ടിച്ചേർത്തു. അതേസമയം ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർ ഇന്നും തിരിച്ചു പോകേണ്ട സ്ഥിതിയുണ്ടായാൽ പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. ഇവിടെ പുതുതായി പണിത കെട്ടിടം ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം പഴയ കെട്ടിടത്തിൽ തന്നെയാണ്. നീലേശ്വരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ആശുപത്രി.
No comments