നീലേശ്വരം താലൂക്ക് ഇനിയും യാഥാർത്ഥ്യമായില്ല
1984 മെയ് 24 ന് രൂപീകരിക്കപ്പെട്ട കാസറഗോഡ് ജില്ല 40 വയസ് പിന്നിടുമ്പോഴും നീലേശ്വരം താലൂക്ക് യാഥാർത്ഥ്യമായില്ല. ജില്ല രൂപീകരിക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉറപ്പ് നൽകിയ നീലേശ്വരം താലൂക്ക് രൂപീകരണമാണ് ഇന്നും ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നത്. ജില്ല രൂപീകരണ സമയത്ത് നീലേശ്വരം ഫർക്ക ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നവശ്യപ്പെട്ട് സർവ കക്ഷി കമ്മറ്റി ഹർത്താൽ ഉൾപ്പെടെയുള്ള സമര പരിപാടികൾ ആഹ്വാനം ചെയ്തിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഉറപ്പിന് മേൽ ഹർത്താൽ ഒഴിവാക്കുകയായിരുന്നു. ഫർക്ക അടിസ്‌ഥാനത്തിലാണ് സാധാരണ താലൂക്ക് രൂപീകരിക്കുന്നത്. ജില്ലയിൽ ഫർക്കയുടെ ആസ്‌ഥാനമായിരുന്നു നീലേശ്വരം. എന്നാൽ ഒരു വില്ലജ് പോലുമല്ലാതിരുന്ന വെള്ളരിക്കുണ്ട് പോലും അടുത്തിടെ താലൂക്കായി ഉയർന്നു. ജില്ലയിൽ അടുത്ത താലൂക്ക് രൂപീകരിക്കേണ്ടത് നീലേശ്വരത്താണ്. കേരളത്തിൽ താലൂക്ക് നിലവിലില്ലാത്ത ഏക നഗരം നീലേശ്വരമാണ്. നാലു കമ്മീഷനുകൾ നീലേശ്വരം ആസ്‌ഥാനമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഹോസ്‌ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകൾ നിലവിലുള്ളപ്പോൾ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഒരു താലൂക്ക് പോലും നിലവിലില്ല. ഹോസ്‌ദുർഗ് താലൂക്ക് വിഭജിച്ചു നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് തീരുമാനമുണ്ടായത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ചത് അന്നത്തെ നീലേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നായിരുന്നു. ഇഎംഎസിന്റെ വലിയ സ്വപ്‌നമായിരുന്നു നീലേശ്വരം ആസ്‌ഥാനമായിതാലൂക്ക് രൂപീകരിക്കുക എന്നത്. അതുകൊണ്ടുതന്നെ, ഇഎംഎസ് അധികാരത്തിൽ വന്ന 1957ൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുളള ആദ്യത്തെ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭ നീലേശ്വരം താലൂക്ക് അനുവദിക്കാൻ കമ്മീഷനെ വെച്ചിരുന്നു. ഈ ആവശ്യത്തിന് ഇപ്പോൾ 6 ദശാബ്‌ദങ്ങളുടെ പഴക്കമുണ്ട്. പക്ഷെ, ഇതുവരെ ഫലമുണ്ടായിട്ടില്ല. ഇതിനായി രൂപീകരിച 4 കമ്മീഷനുകളുടെയും റിപ്പോർട്ട് ഫയലിൽ ഉറങ്ങുന്ന അവസഥയാണ്. 1984ൽ നീലേശ്വരം താലൂക്കിനായി മുൻ ജനപ്രതിനിധികളും പ്രമുഖ രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകരുമായ ടി.കെ. ചന്തൻ, ചന്തു ഓഫീസർ, എൻ.കെ കുട്ടൻ, സി. കൃഷ്‌ണൻ നായർ, മുൻ എംപി, പി.കരുണാകരൻ, മുൻ എംഎൽഎ, കെ.പി. സതീഷ് ചന്ദ്രൻ, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ.പി. ജയരാജൻ, ഡോ.കെ. ഇബ്രാഹിം കുഞ്ഞി, എൻ മഹേന്ദ്ര പ്രതാപ് എന്നിവർ ഉൾപ്പെടുന്ന 101 പേരുടെ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിരുന്നു.
No comments