Breaking News

റേഷൻ ലോഡ് കൊണ്ടുപോയ ലോറികൾക്ക് ഏപ്രിൽ മാസത്തെ വാടക ഇനിയും നൽകിയില്ല.

നീലേശ്വരം എഫ്സിഐ, എൻഎഫ്എസ് ഗോഡൗണുകളിൽ നിന്ന് കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് റേഷൻ ലോഡ് കൊണ്ടുപോയ ലോറികൾക്ക് ഏപ്രിൽ മാസത്തെ വാടക ഇനിയും നൽകിയില്ല.
കരാറുകാരനാണ് തുക നൽകേണ്ടത്. എഫ്സിഐയിൽ നിന്ന് 900 ലോഡ് കൊണ്ടുപോയിരുന്നത് ഇപ്പോൾ പകുതിയായി ചുരുങ്ങിയിട്ടുണ്ട്. ഇതോടെ ലോറിത്തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും പ്രതിമാസം കിട്ടുന്ന പണി 10 ആയി ചുരുങ്ങി. ഇത് തൊഴിലാളികൾക്ക്  സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. സർക്കാരിൽ നിന്ന് പണം കിട്ടുന്നില്ലെന്ന് പറഞ്ഞ് വാടക തരാതെ ഒളിച്ചു കളിക്കുകയാണ് കരാറുകാരനെന്ന് ലോറി ത്തൊഴിലാളികൾ പറയുന്നു. എൻഎഫ്എസ് ഗോഡൗണിൽ നിന്ന് റേഷൻ കൊണ്ടുപോകുന്ന ഇറക്കു കൂലി ലോറി ഉടമകൾ തന്നെ കൊടുക്കേണ്ട സ്ഥിതിയുമുണ്ട്. കരാറിൽ ഇല്ലാത്ത വ്യവസ്ഥയാണിതെന്ന് ഇവർ പറയുന്നു. സർക്കാരിൽ നിന്ന് പൈസ കിട്ടിയാലേ വാടക തരൂ എന്നാണെങ്കിൽ കരാറുകാരന്റെ ആവശ്യമില്ലല്ലോയെന്നും ഇവർ ചോദിക്കുന്നു. വാടക കുടിശിക ഉടൻ തരാൻ നടപടി വേണമെന്നും ഇല്ലെങ്കിൽ റേഷൻ സ്തംഭന സമരം നടത്തേണ് വരുമെന്നും കാസറഗോഡ് ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി പ്രസ്താവനയിൽ മുന്നറിയിപ്പു നൽകി.

No comments