Breaking News

നീലേശ്വരം മാതൃകാ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം വൈദ്യുതി മുടങ്ങിയാൽ സ്തംഭിക്കും

പേരിൽ മാതൃകാ പോസ്റ്റ് ഓഫീസ് ആണ് നീലേശ്വരം പോസ്റ്റ് ഓഫീസ്.
പക്ഷെ വൈദ്യുതി മുടങ്ങിയാൽ പ്രവർത്തനം സ്തംഭിക്കും. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ജനറേറ്റർ ഉണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷമായി ഇതും നോക്കുകുത്തിയാണ്. നീലേശ്വരം നഗരസഭയിലും പടന്നക്കാട്, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലേക്കുമായി 23 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലേക്ക് തപാൽ ഉരുപ്പടികളെത്തിക്കുന്ന ഏകോപന കേന്ദ്രത്തിനാണ് ഈ ദുസ്ഥിതി. വൈദ്യുതി മുടങ്ങിയാൽ അന്ധകാരത്തിലാകുമെന്നു മാത്രമല്ല കംപ്യൂട്ടറും ഇന്റർനെറ്റുമെല്ലാം പണിമുടക്കും. പിന്നെ, തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്തോ സ്പീഡ് പോസ്റ്റിലോ അയക്കാനോ മണി ഓർഡറുകൾ രജിസ്റ്റർ ചെയ്തയക്കാനോ വയ്യ. മറ്റിടങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തു വരുന്നവയെ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള ഇന്ത്യാ പോസ്റ്റ് വെബ്സൈറ്റ് സംവിധാനം ഉള്ളതിനാൽ ഇവയുടെ വിതരണം ഉറപ്പു വരുത്താനും ഇന്റർനെറ്റ് വേണം. കഴിഞ്ഞ ചൊവ്വാഴ്ച ആദ്യ വേനൽ മഴ പെയ്ത ദിവസം ഇതേ രീതിയിൽ രജിസ്ട്രേഡ് ഉരുപ്പടികളുടെ വിതരണവും ബുക്കിങ്ങും എല്ലാം താറുമാറായി. വിവിധ സേവനങ്ങൾക്കായി എത്തിയവർ ഏറെ നേരം കാത്തു നിന്ന് മടങ്ങിപ്പോകേണ്ടി വന്നു. വർഷങ്ങൾക്ക് മുമ്പാണ് പോസ്റ്റ് ഓഫീസ് നവീകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി മാതൃകാ പോസ്റ്റ് ഓഫീസ് ആയി ഉയർത്തിയത്. ഈ സംവിധാനങ്ങളാണ് പാളം തെറ്റിക്കിടക്കുന്നത്.

No comments