അന്താരാഷ്ട്ര മേളകളിലെ മികച്ച സിനിമകൾ കാണാൻ കാസറഗോഡ് ജില്ലയിലെ ആസ്വാദർക്കും അവസരം
അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ലോകോത്തര സിനിമകൾ കാണാൻ ഇനി ഇതര ജില്ലകളിലെ ചലച്ചിത്ര മേളകളിലേക്ക് വണ്ടി പിടിക്കണമെന്നില്ല.
ഇതിനായി കാസറഗോഡ് ജില്ലയിലും വെള്ളിത്തിരയൊരുക്കുകയാണ് 'സിൽവർ സ്ക്രീൻ' എന്ന കൂട്ടായ്മ. ഒരുപറ്റം സഹൃദയരുടെ കൂട്ടായ്മയായ -നമ്മള് കാഞ്ഞങ്ങാട് ആണ് പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ സഹകരണത്തോടെ ചലച്ചിത്ര പ്രദർശന - ആസ്വാദക കൂടായ്മയ്ക്ക് രൂപം കൊടുക്കുന്നത്. ഉപാധികളില്ലാതെ നല്ല സിനിമകൾ കാണുകയും കാണിക്കുകയുമാണ് ലക്ഷ്യം. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ കേരള ലളിതകലാ അക്കാദമിആർട്ട് ഗ്യാലറിക്കും ടൗൺഹാളിനും സമീപത്തെ യുബിഎംസി സ്കൂൾ ഹാൾ ആയിരിക്കും സ്ഥിരംവേദി.
ഓരോ മാസവും ഓരോ സിനിമ എന്നതാണ് ആദ്യ ലക്ഷ്യം. സിൽവർ സ്ക്രീൻ രൂപീകരണ ഉദ്ഘാടനവും ആദ്യ പ്രദർശനവും മെയ് 16 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് യുബിഎംസി സ്കൂൾ ഹാളിൽ നടക്കും. ചലച്ചിത്രകാരൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. 85-ാം വയസിലും സിനിമാ അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന തമ്പായി അമ്മ മോനാച്ചയെ ആദരിക്കും. സിൽവർ സ്‌ക്രീനിന്റെ ലോഗോ പ്രകാശനവും ഉണ്ടാകും. ദ ഫസ്റ്റ് ഗ്രേഡർ എന്ന ചിത്രത്തിന്റെ പ്രദർശനവും തുടർന്നുണ്ടാകും.
No comments