Breaking News

വായന വെളിച്ചത്തിൻ്റെ ഭാഗമായി സർഗവേനൽ സംഗമം സംഘടിപ്പിച്ചു

വായനാനുഭവങ്ങൾ അയവിറക്കിയും വായനയുടെ നാനാർത്ഥങ്ങൾ തിരിച്ചറിഞ്ഞും കുട്ടി വായനക്കാരുടെ ഏകദിന സംഗമം. സംസ്ഥാനത്തിനാകെ മാതൃക പകർന്ന് ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ കീഴിലുള്ള 13 തദ്ദേശ സ്ഥാപന പരിധിയിലെ 230 ഗ്രന്ഥശാലകളിൽ അവധിക്കാല വായന പരിപോഷണത്തിനായി ആവിഷ്കരിച്ച വായന വെളിച്ചത്തിൻ്റെ ഭാഗമായാണ് സർഗവേനൽ സംഗമം സംഘടിപ്പിച്ചത്. ചരിത്ര സാക്ഷിയായ  തേജസ്വിനിപ്പുഴയുടെ മനോഹാരിത ആസ്വദിച്ച് കുരുന്നുകളെ വായനയുടെ വിശാലലോകത്തേക്ക് കൈപിടിച്ചാനയിച്ചുകൊണ്ടുള്ള സംഗമം ഹൃദ്യാനുഭവമായി. താലൂക്കിലെ  ഗ്രന്ഥശാലകളിൽ വായനക്കൂട്ടം രൂപീകരണം, വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ തയാറാക്കി അവതരണം, പുസ്തക ചർച്ചകൾ ,സാഹിത്യകാരന്മാർ അതിഥികളായെത്തി മാസ്റ്റർ പീസ് കൃതികൾ പരിചയപ്പെടുത്തൽ, പ്രകൃതിയിടങ്ങളിലേക്ക് വായനാ യാത്രകൾ, വായിച്ച കൃതികളുടെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളായ നാടകം, ഏകപാത്ര നാടകം, ചിത്രരചന, ഡോക്യുമെൻ്ററി, രക്ഷിതാക്കൾ വായനക്കൂട്ടം സന്ദർശിക്കൽ, കഥാപ്രസംഗം ,ഡോക്യുമെൻ്ററി എന്നിവയുടെ അവതരണം തുടങ്ങിയ പരിപാടികളാണ് ഏറ്റെടുത്തു നടത്തിയത്.താലൂക്കിലെ  ഗ്രന്ഥശാലകളിൽ നടന്ന അവധിക്കാല വായനക്കൂട്ടത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് അക്ഷരങ്ങളുടെ കൂട്ടുകാരായി അണിചേർന്നത്.
വിശ്വസാഹിത്യകാരൻമാർ മുതൽ പ്രാദേശിക രചയിതാക്കളുടേതുൾപ്പെടെയുള്ള കൃതികൾ കുട്ടികൾ ആവേശത്തോടെയാണ് വായിച്ചു തീർത്തത്.മെയ് 31 വരെ നീളുന്ന വായന വെളിച്ചത്തിൽ മികവ് പുലർത്തിയ ഗ്രന്ഥശാലകൾ, കുട്ടികൾ, കൺവീനർമാർ, കൈയെഴുത്ത് -ഡിജിറ്റൽ മാഗസിനുകൾ എന്നിവയ്ക്ക് താലൂക്ക്തലത്തിൽ പ്രത്യേക പുരസ്കാരങ്ങൾ വായന പക്ഷാചരണക്കാലത്ത് സമ്മാനിക്കും. ഗ്രന്ഥശാലാ തലത്തിലും മികവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യും. അച്ചാംതുരുത്തി ശ്രീനാരായണ വായനശാല ഗ്രന്ഥാലയം സംഘടിപ്പിച്ച പരിപാടി കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി വി പ്രമീള അധ്യക്ഷയായിരുന്നു. ശ്രീ നാരായണ ഗുരു സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിച്ച വി.കുഞ്ഞമ്പാടിയെ വി. കെ.മധു ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി. പ്രഭാകരൻ, താലൂക്ക് പ്രസിഡൻ്റ് പി. വേണുഗോപാലൻ, താലൂക്ക് സെക്രട്ടറി വി. ചന്ദ്രൻ ,താലൂക്ക് ബാലവേദി കോഡിനേറ്റർ സുനിൽ പട്ടേന, സംഘാടക സമിതി വൈസ് ചെയർമാൻ കെ. വി.കൃഷ്ണൻ, ഡോ.കെ.വി.സജീവൻ, ജില്ലാ ജോ. സെക്രട്ടറി ടി.രാജൻ, പി. രാമചന്ദ്രൻ , പി.വി. നിഷാന്ത് എന്നിവർ സംസാരിച്ചു. സമാപന കൂടിയിരിപ്പ് ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്തു. ടി.വി.ശ്രീജിത്ത് അധ്യക്ഷനായി.
സിനിമാതാരം പി.പി. കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. വായനയുടെ നാനാർത്ഥങ്ങൾ, വായനശാലകളുടെ ചരിത്രവും വർത്തമാനവും, കളിയും കാര്യവും എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചകൾ എൻ.കെ.മനോജ് കുമാർ, സുനീഷ് കക്കാട്ടി, ഫറീന കോട്ടപ്പുറം, അനീഷ് വെങ്ങാട്ട്, ജയരാജ് തുരുത്തി, സുരേന്ദ്രൻ കാടങ്കോട്, പി.പി. കരുണാകരൻ, ആനന്ദ് പേക്കടം ഉണ്ണികൃഷ്ണൻ കണ്ണങ്കുളം എന്നിവർ നയിച്ചു.

No comments