ബിരിക്കുളം - കാളിയാനം റോഡിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു
പൊട്ടിപ്പൊളിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിയില്ലാത്തതിനാൽ ചെളിക്കുളമായ ബിരിക്കുളം - കാളിയാനം റോഡിൽ കോൺഗ്രസ് പ്രവർത്തകർ വാഴ നട്ടു.
കാളിയാനം യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയാണ് പ്രതിഷേധ സമരം നടത്തിയത്. പത്തോളം സ്കൂൾ ബസുകളും ദിവസേന നൂറു കണക്കിനു മറ്റു വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ കാൽനട പോലും സാധ്യമല്ലെന്ന സ്ഥിതിയാണ് ഇപ്പോൾ. ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നു.
താൽക്കാലിക പരിഹാരമായി റോഡിൽ മണ്ണിട്ടിരുന്നു. ജൽജീവൻ പദ്ധതിയിൽ റോഡിന്റെ അരികുകൾ ജെസിബി കൊണ്ട് മണ്ണിളക്കി പൈപ്പ് ഇട്ടിരുന്നു. ഈ മണ്ണ് കൂടി റോഡിലേക്ക് വരികയും മഴ വന്നതോടെ കുത്തിയൊലിച്ചും ആകെ കുഴഞ്ഞും ചെളിക്കുളമാകുകയും ചെയ്തു. സൂചനാ സമരമായാണ് കാളിയാനം ഭാഗത്ത് റോഡിൽ വാഴ വച്ചത്. നടപടിയില്ലെങ്കിൽ കിനാനൂർ കരിന്തളം പഞ്ചായത്തിനു മുന്നിലക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി. ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി.ഒ. സജി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാളിയാനം അധ്യക്ഷനായി. ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു. റെജി തോമസ്, രാജീവൻ കാളിയാനം, ശ്രീനാഥ് കാളിയാനം, രാഘവൻ കാര്യ, പി.നാരായണൻ കോളിയന്തടം, സുരേഷ് വടക്കേക്കര, രാജൻ.പി. പൊള്ളക്കട, സ്റ്റാലിൻ ജോസ്, അനു ഇടക്കര തുടങ്ങിയവർ നേതൃത്വം നൽകി.
No comments