Breaking News

നീലേശ്വരം മന്നൻപുറത്തു കാവിൽ നടക്കുന്ന കലശോത്സവത്തിന് നാൾ കുറിച്ചു.

കാസറഗോഡ് ജില്ലയിലെ തെയ്യാട്ടക്കാലത്തിന് സമാപനം കുറിച്ച് നീലേശ്വരം മന്നൻപുറത്തു കാവിൽ നടക്കുന്ന കലശോത്സവത്തിന് നാൾ കുറിച്ചു.
ജൂൺ 1 മുതൽ 3 വരെയാണ് കലശോത്സവം. നീലേശ്വരം മൂത്തകൂർ രാജാവിന്റെ ആസ്ഥാനമായ കിണാവൂർ കോവിലകത്താണ് ചടങ്ങ് നടന്നത്. മൂത്തകൂർ രാജാവ് കെ.സി.രാമവർമ രാജയുടെ അസാന്നിധ്യത്തിൽ കെ.സി. മാനവർമ രാജ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. കരിന്തളം മോഹനൻ ജോത്സ്യർ കലശോത്സവ നാളുകളും മുഹൂർത്തവും കുറിച്ചു. എറുവാട്ട്, അരമന അച്ചന്മാരുടെ പ്രതിനിധികളായി എറുവാട്ട് വിജയൻ, ചന്ദ്രൻ നവോദയ എന്നിവരും കാവ് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. മെയ് 31 ന് രാവിലെ 9.17 നും 9.41 നും മധ്യേ ഓല കൊത്തൽ ചടങ്ങും അന്നു തന്നെ കലശത്തട്ടുകൾ അലങ്കരിക്കാനുള്ള പൂക്കൾ ശേഖരിക്കുന്ന പൂത്താക്കൽ ചടങ്ങും നടക്കും. ജൂൺ ഒന്നിന് അകത്തേ കലശ ദിവസം ഇരട്ടി നിവേദ്യത്തോടെ വിശേഷാൽ പൂജകൾ. പുറത്തേ കലശ ദിവസമായ ജൂൺ രണ്ടിന് വൈകിട്ട് പ്രസന്നപൂജ നടതുറന്ന് എറുവാട്ടച്ചൻ നാളികേരമുടയ്ക്കുന്നതോടെ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി, കൈക്ലോൻ തെയ്യക്കോലങ്ങളുടെ പുറപ്പാട്. തെക്ക്, വടക്ക് കളരികളിൽ നിന്നുള്ള കലശകുംഭങ്ങളും ആർപ്പുവിളികളോടെ ക്ഷേത്ര പ്രദക്ഷിണം ചെയ്യും. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻ കോവയും സമർപ്പിക്കും. ജൂൺ 2 ന് തിങ്കളാഴ്ച കലശ ശുദ്ധിയും കലശച്ചന്തയുമുണ്ടാകും. ശ്രീ മടിയൻകൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നടന്ന പുറത്തേ കലശോത്സവത്തോടെ മന്നൻപുറത്തു കാവ് കലശത്തിലെ കോലധാരികൾ നടയിൽ പ്രാർത്ഥന തുടങ്ങി. പി.വി.സുരേഷ് ബാബു അഞ്ഞൂറ്റാൻ (തിരുവർക്കാട്ട് ഭഗവതി കോലധാരി), രാജീവൻ നേണിക്കം (ക്ഷേത്രപാലകൻ കോലധാരി), പ്രസാദ് കർണമൂർത്തി (നടയിൽ ഭഗവതി കോലധാരി), ബാബു ഗോദവർമൻ (കൈക്ലോൻ കോലധാരി) എന്നിവരാണ് നടയിൽ പ്രാർത്ഥന തുടങ്ങിയത്. മന്നൻപുറത്തു കാവിലമ്മയുടെ തിരുനടയിലെത്തി കൊട്ടിപ്പാടുന്ന ചടങ്ങ് പുറത്തേ കലശോത്സവ ദിവസമായ ജൂൺ 2 വരെയും തുടരും. കലശോത്സവം തിരുമുടി താഴ്ത്തുന്നതോടെ നിശബ്ദമാകുന്ന തെയ്യാട്ട കാവുകളിൽ തുലാപ്പത്തോടെയാണ് വീണ്ടും ചിലമ്പുണരുന്നത്.

No comments