Breaking News

സർഗവേനൽ നാളെ രാവിലെ 9.30ന്

കുട്ടികളുടെ അവധിക്കാല വായനാ പരിപോഷണത്തിൽ സംസ്ഥാനത്തിന് മാതൃക പകർന്ന് വായന വെളിച്ചം പദ്ധതി. 
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച തനത് പദ്ധതിയായ വായന വെളിച്ച ത്തിൻ്റെ ഭാഗമായി വായനക്കാരായ കുട്ടികളും ഗ്രന്ഥശാലകളിലെ വായനാവെളിച്ചം കൺവീനർമാരുമായ അറുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സർഗവേനൽ  നാളെ രാവിലെ 9.30ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.  പ്രകൃതി രമണീയമായ അച്ചാംതുരുത്തിയിൽ ചരിത്രസാക്ഷിയായ തേജസ്വിനിപ്പുഴയോരത്ത്അച്ചാംതുരുത്തി ശ്രീനാരായണ ഗുരു സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ സംഘാടനത്തിലാണ് സർഗവേനലിന് അരങ്ങൊരുക്കുക. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മധ്യവേനൽ അവധിക്കാലത്ത് വായനയ്ക്ക് അവധിയില്ല എന്ന സന്ദേശമുയർത്തി ഹൊസ്ദുർഗ് താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ഗ്രന്ഥശാലകളിൽ വായനക്കൂട്ടങ്ങൾ കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച് ഓരോ ഗ്രന്ഥശാലയിലും വായന വെളിച്ചം കൺവീനറെ തെരഞ്ഞെടുത്തുമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.ഈ വായനക്കൂട്ടങ്ങൾ ഏപ്രിൽ, മെയ് മാസങ്ങളിൽ എട്ടുതവണ ഒത്തുചേർന്ന് പുസ്തക വിതരണം, വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി വായനക്കുറിപ്പ് എഴുതി അവതരിപ്പിക്കൽ, പുസ്തക ചർച്ചകൾ ,അതിഥികളായി എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് സാഹിത്യസൃഷ്ടികൾ പരിചയപ്പെടുത്തൽ, റീഡിങ് തിയറ്റർ ,കൈയെഴുത്ത്‌, ഡിജിറ്റൽ മാസികകളുടെ നിർമാണം, സാഹിത്യകൃതികളിൽ പ്രകൃതിയിടങ്ങൾ പശ്ചാത്തലമായി വരുന്ന കൃതികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രകൃതിയിടങ്ങളിലേക്ക് വായനയാത്രകൾ, സാഹിത്യകാരൻമാരെ സന്ദർശിച്ച് അഭിമുഖം നടത്തൽ, വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി വ്യത്യസ്ത ആവിഷ്കാരങ്ങളായ നാടകം, ഏകപാത്ര നാടകം, മോണോ ആക്ട് ,സംഗീതശില്പം, കഥാപ്രസംഗം, ചിത്രരചന, ഡോക്യുമെൻ്ററി നിർമാണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ഏറ്റെടുത്തു നടത്തിയത്. കുട്ടികളെ വായനയിലേക്ക് ആകർഷിക്കാനുതകുന്ന പുസ്തകങ്ങളുടെ പട്ടിക പദ്ധതിയുടെ തുടക്കത്തിൽ തന്നെ ലഭ്യമാക്കിയിരുന്നു. മെയ് 31 വരെ നീളുന്ന പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഡിസംബർ വരെയുണ്ടാകും. രണ്ടു മാസക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച ഗ്രന്ഥശാലകൾ, വായനക്കാരായ കുട്ടികൾ ,കൺവീനർമാർ, കൈയെഴുത്ത് -ഡിജിറ്റൽ മാഗസിൻ എന്നിവയ്ക്ക് വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പുരസ്കാരങ്ങൾ സമ്മാനിക്കും. ഗ്രന്ഥശാലാ തലത്തിൽ മികവ് പുലർത്തിയ കുട്ടികളെ ഗ്രന്ഥശാലകളും അനുമോദിക്കും. മെയ് 24ൻ്റെ സർഗവേനൽ പരിപാടിയിൽ 'വായനയുടെ നാനാർത്ഥങ്ങൾ', 'വായനശാലകളുടെ ചരിത്രവും വർത്തമാനവും' ,' കളിയും കാര്യവും' എന്നീ വിഷയങ്ങളിൽ കുട്ടികളുടെ ഇടപെടലുകൾക്ക് മികച്ച പരിഗണന നൽകി പാനൽ ചർച്ചകൾ നടക്കും. വൈകിട്ട് 3 മണിക്ക് സമാപന കൂടിയിരിപ്പ് ഗ്രന്ഥാലോകം മാസിക മുഖ്യപത്രാധിപർ പി.വി.കെ. പനയാൽ ഉദ്ഘാടനം ചെയ്യും. സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ വിശിഷ്ടാതിഥിയായിരിക്കും. ചെറുവത്തൂർ പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ സി.വി. പ്രമീള, വർക്കിങ് ചെയർമാൻ ടി.വി. ശ്രീജിത്ത്, ജനറൽ കൺവീനർ വി. ചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.വേണുഗോപാലൻ, സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി. കൃഷ്ണൻ, ബാലവേദി താലൂക്ക് കോഡിനേറ്റർ സുനിൽ പട്ടേന, ശ്രീനാരായണ ഗ്രന്ഥാലയം സെക്രട്ടറി പി.വി.നിഷാന്ത് എന്നിവർ  പങ്കെടുത്തു.

No comments