Breaking News

ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ രണ്ടാം വാർഷികം മെയ് 4 ന്

ഫാ. ലൂയി മരിയദാസ് നേതൃത്വം നൽകുന്ന ഗ്രാസിയ ക്രിയേഷൻസിന് കീഴിൽ രൂപീകരിച്ച ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ രണ്ടാം വാർഷികം മെയ് 4 ന് നീലേശ്വരത്ത് നടക്കും.
നീലേശ്വരം വ്യാപാരഭവനിലാണ് പരിപാടി. രാവിലെ 9 മണിക്ക് പോത്താംകണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. തലശ്ശേരി അതിരൂപത വികാരി ജനറൽ മാത്യു ഇളംതുരുത്തിപ്പടവിൽ അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. കണ്ണിവയൽ വികാരി റവ.ഫാ.സേവ്യർ പുത്തൻപുര അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ.സി.ഷുക്കൂർ മുഖ്യാതിഥിയാകും. നാടകാചാര്യനും സിനിമാതാരവുമായ മുഹമ്മദ് പേരാമ്പ്ര വിശിഷ്ടാതിഥിയുമാകും. 
 ചടങ്ങിൽ കാസറഗോഡിന്റെ വൈറൽ ഗായിക ടി.ആർ. ജയരഞ്ജിതയ്ക്ക്‌ ഗ്രാസിയ പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസകൾ നേരും.നിലവിൽ അക്കാദമിയിൽ 120 കുട്ടികളാണ് സൗജന്യമായി സംഗീതം പഠിക്കുന്നത്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ അഭിനയ കളരിയും സംഘടിപ്പിക്കും. സിനിമാരംഗത്തെ പ്രമുഖന്മാർ ക്ലാസ്സെടുക്കുന്ന കളരിയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച് കുട്ടികളുടെ ചലച്ചിത്രവും നിർമ്മിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പണമില്ലാത്തതിന്റെ പേരിൽ ആർക്കും കലാപരിശീലനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് അക്കാദമി രൂപീകരിച്ചത്. ഇതിനകം വിവിധ യൂണിറ്റുകളിലായി മുന്നൂറിൽ അധികം പേർക്ക് ഗ്രാസിയാ അക്കാദമി കലാപരിശീലനം നൽകിയിട്ടുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആരംഭിച്ച ചിറ്റാരിക്കൽ യൂണിറ്റിൽ ഇപ്പോൾ 120 പേർക്കാണ് പരിശീലനം നൽകുന്നതെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗ്രാസിയ അക്കാദമി ഡയറക്ടർ ഫാദർ ലൂയി മരിയദാസ്, മത്തായി ചുരത്തിൽ, ജോയ്.പി.കാസറഗോഡ്, ടോമി കുമ്പാട്ട്, കെ.വി.സായിദാസ് നീലേശ്വരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments