കാൽ നൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഇക്കുറി 3 സുപ്രധാന കലശോത്സവങ്ങൾ നടക്കുന്നത് ഒരേ ദിവസം.
കാൽ നൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഇക്കുറി 3 സുപ്രധാന കലശോത്സവങ്ങൾ നടക്കുന്നത് ഒരേ ദിവസം.
നീലേശ്വരം മന്നൻപുറത്തു കാവ് ഭഗവതി ക്ഷേത്രം, കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത മാടായിക്കാവ്, വളപട്ടണത്തെ കളരിവാതുക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ജൂൺ രണ്ടിനാണ് കലശോത്സവം. ഇതോടെ ഉത്തരകേരളത്തിലെ തെയ്യക്കാലത്തിന് ഇക്കുറി ഒരേ ദിവസം സമാപനമാകുന്നുവെന്ന സവിശേഷതയുമുണ്ട്. നീലേശ്വരം മന്നൻപുറത്തു കാവിൽ തിരുവർക്കാട്ട് ഭഗവതി, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി, കൈക്ലോൻ എന്നീ 4 തെയ്യക്കോലങ്ങളാണ് പുറത്തേ കലശ ദിവസമായ ജൂൺ 2 ഞായറാഴ്ച വൈകിട്ട് അരങ്ങിലെത്തുക. തെക്ക്, വടക്ക് കളരികളിൽ നിന്നുള്ള കലശ കുംഭങ്ങളും തെയ്യക്കോലങ്ങൾക്ക് ഒപ്പം ക്ഷേത്ര പ്രദക്ഷിണം നടത്തും. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻകോവയും സമർപ്പിക്കും. മാടായിക്കാവിൽ തിരുവർക്കാട്ട് ഭഗവതി, മാഞ്ഞാളമ്മ, ചുഴലി ഭഗവതി, വേട്ടുവച്ചേകവൻ, കാളരാത്രി, സോമേശ്വരി, ക്ഷേത്രപാലകൻ എന്നീ 7 തെയ്യക്കോലങ്ങൾ കലശോത്സവത്തിൽ അരങ്ങിലെത്തും. കളരിവാതുക്കലിൽ കളരിയാൽ ഭഗവതി, ചുഴലി ഭഗവതി, സോമേശ്വരി, തിരുവർക്കാട്ട് ഭഗവതി, കാളരാത്രി ക്ഷേത്രപാലകൻ എന്നീ 6 തെയ്യക്കോലങ്ങളാണ് കെട്ടിയാടുക. ഓരോ കലശോത്സവങ്ങളും ആയിരങ്ങൾ പങ്കെടുക്കുന്ന ദേശോത്സവങ്ങളാണ്. കലശോത്സവങ്ങളിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിൽ ഏതാണ്ടെല്ലാ തെയ്യക്കോലങ്ങളും നീളൻ മുടിയുള്ളവയാണെന്ന പ്രത്യേകതയുമുണ്ട്. വിപുലവും സവിശേഷമായ അനുബന്ധ ചടങ്ങുകൾ ഉള്ളവയാണ് ഓരോ കലശോത്സവങ്ങളും.
No comments