ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലേക്ക് ടിക്കറ്റ് നൽകണം:
ഇന്റർസിറ്റി എക്സ്പ്രസിന് നീലേശ്വരം റെയിൽവേ സ്‌റ്റേഷനിലേക്ക് ടിക്കറ്റ് നൽകണമെന്ന്നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഇന്റർസിറ്റി എക്സ്പ്രസിന് കഴിഞ്ഞ ദിവസം തലശ്ശേരി റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നീലേശ്വരത്തേക്ക് ടിക്കറ്റ് ആവശ്യപ്പെട്ടയാൾക്ക് കാസറഗോഡേക്ക് ടിക്കറ്റ് നൽകിയ സംഭവം നീലേശ്വർ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ദുരനുഭവമുണ്ടായത് ചെറുവത്തൂർ വെങ്ങാട്ട് സ്വദേശി കെ.എം. പ്രമോദിനാണെന്നും കൂട്ടായ്മ വെളിപ്പെടുത്തി.
ഇൻ്റർസിറ്റി എക്സ്പ്രസ്സിന് 2023 ഒക്ടോബർ 1 മുതൽ താല്കാലിക അടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കുകയും തുടർന്ന് വരുമാന വർധനയെ തുടർന്ന് 6 മാസക്കാലവധിക്ക് 2 മാസം മുമ്പ് തന്നെ സ്റ്റോപ്പ് സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. നീലേശ്വരത്ത് ഇൻ്റർസിറ്റി എക്സ്പ്രസിന് സ്റ്റോപ്പില്ലെന്ന് പറഞ്ഞ് കാഞ്ഞങ്ങാട് സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നൽകാമെന്നാണ് തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് റെയിൽവെ അധികൃതർ പ്രമോദിനോട് പറഞ്ഞത്. മറ്റു സ്റ്റേഷനുകളിൽ നിന്നും നീലേശ്വരത്തേക്ക് ടിക്കറ്റ് നൽകുന്നില്ലെന്ന പരാതി വ്യാപകമാണ്. നീലേശ്വരം സ്റ്റേഷനിലെ വരുമാനത്തെ സാരമായി ബാധിക്കുന്ന പ്രശ്നത്തിൽ റെയിൽവെ അധികൃതർ ഗൗരവമായ നടപടി സ്വീകരിക്കണമെന്ന് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തിൽ നീലേശ്വരത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ജനകീയ കൂട്ടായ്മ അഭിപ്രായപ്പെട്ടു. നീലേശ്വരത്തെ അപേക്ഷിച്ച് വരുമാനം വളരെ കുറവുള്ള കുമ്പള, ചെറുവത്തൂർ സ്റ്റേഷനുകളുടെ കൂടെ ലിഫ്റ്റ് അനുവദിച്ചെങ്കിലും അമൃത് സ്റ്റേഷനായി പ്രഖ്യാപിക്കപ്പെട്ട കാസർഗോഡും ആദർശ് സ്റ്റേഷനായി പ്രഖ്യാപിക്കപ്പെട്ട തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലും പുതിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുമ്പോൾ നിലേശ്വരം അവഗണിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നും ചൂണ്ടിക്കാട്ടി.
No comments