സ്വരമാധുര്യ മുഖരിതമാക്കി സംഗീതകച്ചേരി
യുവ ഗായികയും കർണ്ണാടക സംഗീതജ്ഞയുമായ രാജപുരം പൂടംങ്കലിലെ ശ്രീനിധി ഭട്ട് ശ്രീരാമനവമി നാളിൽ ബേക്കൽ ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ അവതരിപ്പിച്ച സംഗീത കച്ചേരി ശ്രദ്ധേയമായി. ശ്രീരാമ സ്തുതികളുടെ രാഗവിസ്താരവും ആലാപന മധുരവും ആസ്വാദക സദസിന് ശ്രവണസുഖം പകർന്നു നൽകി.
മോഹന കല്യാണി രാഗത്തിലുള്ള ലാൽഗുഡിയുടെ പ്രസിദ്ധമായ" വല്ലഭൈനായക " എന്ന വർണ്ണത്തോടെ ആരംഭിച്ച കച്ചേരിയിൽ സിംഹേന്ദ്രമധ്യമം രാഗത്തിൽ ആലപിച്ച "നിന്ന നമിതേനയ്യ ശ്രീരാമ " എന്ന കീർത്തനവും മറ്റ് ശ്രീരാമകീർത്തനങ്ങളും ആഞ്ജനേയ സ്തുതികളും സദസിനെ വിസ്മയിപ്പിച്ചു. ആനന്ദകൃഷ്ണ കോഴിക്കോട് വയലിനിലും, വെള്ളിനേഴി രമേശ് പാലക്കാട് മൃദംഗത്തിലും പശ്ചാത്തലമൊരുക്കി. ഇതിനകം നിരവധി വേദികളിലും
സ്കൂൾ - ജില്ല - സംസ്ഥാന കലോൽസവങ്ങളിലും മിന്നുന്ന വിജയം കരസ്ഥമാക്കി തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിധി സംഗീതജ്ഞ ഡോ:രൂപാ സരസ്വതിയുടെ മകളാണ്. അച്ചൻ ഗണേഷ് ഭട്ട് നൈജീരിയയിൽ ഓഡിറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.
No comments