Breaking News

ടെറസിൽ നിന്ന് കേൾക്കുന്നത് അജ്ഞാത ശബ്ദം

ടെറസിൽ നിന്ന് കേൾക്കുന്ന അജ്ഞാത ശബ്ദത്തിലും കമ്പനത്തിലും വിറങ്ങലിച്ച് നീലേശ്വരം വൈനിങ്ങാലിലെ പുണർതം വീട്ടിലെ താമസക്കാർ.
ടി.വി. പ്രകാശനും കുടുംബവുമാണ് കഴിഞ്ഞ ഒന്നര വർഷമായി ഈ ദുരിതം അനുഭവിക്കുന്നത്. നീലേശ്വരം നഗരസഭാ അതിർത്തിയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ വില്ലേജിൽ ആണ് ഈ വീട്. രണ്ടര വർഷം മുമ്പ് പണിത ഒറ്റ നില വീടാണിത്. ആദ്യകാലങ്ങളിൽ രാത്രി വിളക്കുകൾ കെടുത്താൽ 9.30 ന് ശേഷം ഒറ്റത്തവണയാണ് ശബ്ദം കേട്ടിരുന്നതെങ്കിൽ ക്രമേണ ഇത് കൂടിക്കൂടി വന്നു. ഇപ്പോൾ സന്ധ്യ മയക്കിയാൽ പുലർകാലം വരെ അര മുക്കാൽ മണിക്കൂർ ഇടവിട്ട് ശബ്ദം ഉണ്ടാകുന്നു. ഇതോടെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് വീട്ടുകാർ. ടെറസിൽ പോയി നിന്നാലും ശബ്ദം കേൾക്കുന്നതും കമ്പനം അറിയുന്നതുമല്ലാതെ ഒന്നും കാണാനില്ല. എഞ്ചിനീയർ, കോൺക്രീറ്റ് പണിക്കാർ, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരെല്ലാം ഇവിടം സന്ദർശിച്ച് നൽകിയ നിർദേശങ്ങൾ നടപ്പാക്കിയിട്ടും ശബ്ദം നിലയ്ക്കുന്നില്ല. ഇതോടെ ഗൃഹനാഥനായ ടി.വി. പ്രകാശൻ ജില്ലാ മൈനിങ് ആന്റ് ജിയോളജി വിഭാഗത്തെ രേഖാമൂലം വിവരമറിയിച്ചിരിക്കുകയാണ്. കാസറഗോഡ് കലക്ടർ, കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി, ഹൊസ്ദുർഗ് പോലീസ് എന്നിവർക്കും നിവേദനത്തിന്റെ കോപ്പി നൽകിയിട്ടുണ്ട്.

No comments