Breaking News

സ്പെഷ്യൽ ജൂറി പുരസ്കാരം

ഇന്ത്യ - അമേരിക്ക സൗഹൃദ അന്താരാഷ്ട്ര ബാലകവിതാലാപന മത്സരത്തിൽ മുന്നാട് ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിനി വി.വി. നയന സ്പെഷ്യൽ ജൂറി പുരസ്കാരം നേടി.
ഹിന്ദി പരിവാർ ന്യൂഡൽഹി, ഹിന്ദി യുഎസ്എ എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യ- അമേരിക്ക സൗഹൃദം വർധിപ്പിക്കുന്നതിനും ഹിന്ദി ഭാഷയുടെ പ്രചുര പ്രചാരത്തിനും വേണ്ടിയാണ് മത്സരം നടത്തിയത്. ഇന്ത്യയിലെയും അമേരിക്കയിലെയും കുട്ടികൾ പങ്കെടുത്തു. സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ ആയി നടത്തിയ മത്സരത്തിൽ ഇന്ത്യയിലെ 15 വിദ്യാലയങ്ങളുടെ കൂട്ടത്തിൽ മുന്നാട് സ്കൂളിനെയും ഉൾപ്പെടുത്തിയിരുന്നു. മത്സര അറിയിപ്പ് മാധ്യമങ്ങളിലൂടെ ലഭിച്ചപ്പോൾ സ്‌കൂളും അപേക്ഷിച്ചിരുന്നു. ഇന്ത്യയിലെ 60 ൽ അധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേരും അമേരിക്കയിലെ 15 കുട്ടികളെയും ചേർത്ത് ആകെ 30 പേരെയാണ് മത്സരത്തിന് തിരഞ്ഞെടുത്തത്. ഇതിൽ നയനയും ഉൾപ്പെട്ട കാര്യം ഹിന്ദി പരിവാർ ഡയറക്ടർ ഡോ. പങ്കജ് സാഹിൽ ആണ് അറിയിച്ചത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച വിവരം ഹിന്ദി യുഎസ്എ വക്താവ് രാജീവ് ശ്രീവാസ്തവയും സ്കൂൾ അധികൃതരെ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസുമാണ് പുരസ്കാരം. യൂട്യൂബ്, ഫെയിസ്ബുക് തുടങ്ങിയവയിലൂടെ മത്സരം തത്സമയം അന്താരാഷ്ട്ര തലത്തിൽ നിരവധി പേർ വീക്ഷിച്ചു.

No comments