നീലേശ്വരത്തെ കെപിഎസി നടൻ
ജീവിതം ദുരന്ത നാടകത്തിൻ്റെ രൂപഭാവങ്ങളെടുത്ത ഒരു സന്നിഗ്ധ ഘട്ടത്തിൽ അരങ്ങ് നൽകിയ ആശ്വാസത്തിലേക്ക് തല ചായ്ച്ചതാണ് നീലേശ്വരം കോട്ടപ്പുറം ആനച്ചാൽ തമ്പുരാൻ വളപ്പിലെ ടി.വി. വിപീഷ് എന്ന വിപീഷ് ആനച്ചാൽ (36).
വർഷങ്ങൾക്കിപ്പുറം കെപിഎസി നാടക ട്രൂപ്പിലെ പ്രധാന നടനാണ് ഇദ്ദേഹം. നാടകമെഴുത്തും സംവിധാനവുമെല്ലാം ഒപ്പമുണ്ട്. കോവിഡ് ലോക്ഡൗണിൽ കലാലോകം ആശങ്കയുടെ നിലയില്ലാക്കയത്തിലായപ്പോൾ ലോക് ഡൗണിൻ്റെ മൂന്നാം ദിവസം തൻ്റെ ജീവിത മാർഗമായ ഓട്ടോറിക്ഷയുമായി നീലേശ്വരം നഗരസഭയിലെ കോവിഡ് ബാധിതർക്കായി സന്നദ്ധ സേവനത്തിനുമിറങ്ങി. ജീവിക്കാനായി ഓട്ടോത്തൊഴിലും മീൻവിൽപനയും പരത്തിക്കാമുറി ജിഎൽപിഎസിലെ സ്കൂൾ ബസ് ഡ്രൈവർ ജോലിയുമെല്ലാം മാറി മാറി ചെയ്യുമ്പോഴും അരങ്ങിൽ വിവിധ കഥാപാത്രങ്ങളായി ജീവിക്കുകയുമാണ് ഇദ്ദേഹം.
14-ാം വയസിലെ
അരങ്ങേറ്റം
നീലേശ്വരം എൻകെബിഎം എയുപി സ്കൂളിലും രാജാസ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് കോട്ടപ്പുറം സിഎച്ച്എംകെഎസ്ജിവി എച്ച്എസ്എസിലും നീലേശ്വരം സ്കോളർ കോളേജിലും പഠിച്ചു. വിദ്യാർത്ഥിയായിരിക്കെ, നാടക പ്രവർത്തകനും പത്രപ്രവർത്തകനുമായ എം.വി. ഭരതൻ്റെ സംവിധാനത്തിൽ കോരനാണ്ങ്ങ എന്ന നാടകത്തിൽ ചെറിയ വേഷമിട്ടാണ് അരങ്ങിലേക്കെത്തിയത്. 2003 സ്കൂൾ കലോത്സവ നാടകത്തിൽ നായക വേഷം ചെയ്തു. പതിയെ നാടകം ജീവനാവുകയായിരുന്നു. ആനച്ചാൽ റെഡ് സ്റ്റാർ ക്ലബിനു വേണ്ടി പ്രശസ്ത സംവിധായകൻ ഇ.വി. ഹരിദാസ് സംവിധാനം ചെയ്ത ഗ്രാമസർക്കസ് എന്ന നാടകത്തിലൂടെ തെരുവുനാടകങ്ങളുടെ ലോകത്തും എത്തി. പിന്നീടങ്ങോട്ട് പ്രശസ്ത നാടക പ്രവർത്തകരായ രാജ്മോഹൻ നീലേശ്വരം, വി.ശശി എന്നിവരുടെ തെരുവു നാടകങ്ങളിലുമെത്തി.
ഇടവേളയായി പ്രവാസം; നാടകത്തിലൂടെ വീണ്ടും ജീവിതം
നാടക വഴിയിൽ ജീവിതം ചോദ്യചിഹ്നമിട്ടതോടെ 2012 ൽ അരങ്ങ് ഉപേക്ഷിച്ച് മലേഷ്യയിലേക്ക് പ്രവാസിയായി പോയി. എന്നാൽ വിസ തട്ടിപ്പിൽ കാലിടറി ഒളിവു ജീവിതം നയിക്കാനായിരുന്നു വിധി. 2 വർഷം ഭയന്ന് ആർക്കും പിടി കൊടുക്കാതെ ജീവിതം തള്ളിനീക്കി. ഒടുക്കം പോലീസിന് പിടികൊടുത്തു. എല്ലാം നഷ്ടപ്പെട്ട് 2014 ൽ നാട്ടിൽ തിരിച്ചെത്തി. ജീവിതം കൈവിട്ടുപോകുമോ എന്ന സ്ഥിതിയിൽ നാടക വേദി തന്നെ പിടി വള്ളിയായി. സംവിധായകൻ ഇ.വി.ഹരിദാസ് മറ്റൊരു നാടകത്തിലൂടെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതോടെ നാടകം തന്നെയായി ജീവിതവും.
കൊട്രച്ചാൽ ഗ്യാലക്സി ക്ലബിനു വേണ്ടി കറുപ്പും ചുവപ്പുമെന്ന ആദ്യനാടകം എഴുതി സംവിധാനം ചെയ്തതോടെ നാടക പ്രവർത്തനത്തിൻ്റെ വിവിധ മേഖലകളിൽ കൈവച്ചു. ഇതിനിടെ നിരവധി തെരുവു നാടകങ്ങളും ചെയ്തു. കോരനാണ്ങ്ങ, നാട്ടിലെ പാട്ട്, കനലാട്ടം, കറുപ്പും ചുവപ്പും, വെള്ളപ്പൊക്കം, നിർമാല്യം, വിഷകണ്ഠൻ, രാജ്മോഹൻ നീലേശ്വരത്തിൻ്റെ ശേഷം, തീമാടൻ എന്നീ നാടകങ്ങൾ... കൃഷ്ണൻ വടശ്ശേരി സംവിധാനം ചെയ്ത കനലാട്ടം എന്ന നാടകത്തിൽ ശങ്കരാചാര്യരുടെ വേഷം ചെയ്യാനും അവസരം കിട്ടി.
തേടിയെത്തിയ
കെപിഎസി
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ഒന്ന് എന്ന നാടകത്തിൽ അഭിനയിക്കാൻ കൊല്ലം ജില്ലയിലേക്ക് നടത്തിയ യാത്ര ഈ നാടക പ്രവർത്തകൻ്റെ തലവര മാറ്റി മറിച്ചു.
കെപിഎസി നാടക ട്രൂപ്പിലെ ഒരാൾ ഈ നാടകം കാണുകയും അപരാജിതർ എന്ന നാടകത്തിൽ കലക്ടറുടെ നായക വേഷം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു. മഹാപ്രതിഭകൾ അരങ്ങു വാണ കെപിഎസി എന്ന തട്ടകം വിപീഷിലെ നാടകക്കാരനെ തേച്ചു മിനുക്കിയെടുത്തു. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ 30 വർഷത്തെ ഇടവേളയ്ക്കു ശേഷം കെപിഎസി വീണ്ടും അരങ്ങിലെത്തിക്കുമ്പോൾ പ്രധാന വേഷത്തിൽ വിപീഷും കൂടെയുണ്ട്. നാട്ടിലെ നാടക പ്രവർത്തനങ്ങളും പ്രവർത്തകരുമായുള്ള ബന്ധവും മുറിയാതെ കാക്കുന്നു. 2024 ൽ കണിച്ചിറയിലെ അനശ്വര ക്ലബിനു വേണ്ടി പുര എന്ന നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചു. ലഹരി വ്യാപനത്തിനെതിരെ കഥയിലെ കാര്യം, ഓൾഡ് ഈസ് ഗോൾഡ് എന്നീ ഹ്രസ്വചിത്രങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചു. നീലേശ്വരത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ ഉർവശി എന്ന തിയറ്റർ ഗ്രൂപ്പിനും തുടക്കമിട്ടു. നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് മാസങ്ങൾക്ക് മുമ്പ് നടത്തിയ അഖില കേരള കോട്ടപ്പുറം നാടകോത്സവത്തിൽ വിപീഷിനെ അനുമോദിച്ചിരുന്നു. പരേതനായ അനിൽകുമാറിൻ്റെയും ലളിതയുടെയും മകനാണ്. മഹിമയാണ് ഭാര്യ. 3 വയസുകാരൻ വിഹാൻ ഏക മകൻ.
No comments