നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 25 മുതൽ 30 വരെ നടക്കും.
വിഷ്ണുമൂർത്തി തെയ്യക്കോലത്തിൻ്റെ ആരൂഢസ്ഥാനമായ നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്‌ഠ ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവം ഏപ്രിൽ 25 മുതൽ 30 വരെ നടക്കും.
ഉത്സവാഘോഷ പരിപാടികളുടെ
ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ നീലേശ്വരം പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25 ന് രാവിലെ പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും കൊണ്ടുവരും. ക്ഷേത്രത്തോടനുബന്ധിച്ച് പുതുതായി നിർമിച്ച ഭക്ഷണശാല രാവിലെ 11 മണിക്ക് കുഞ്ഞിക്കണ്ണൻ അന്തിത്തിരിയൻ ഭദ്രദീപം കൊളുത്തി ഉദഘാടനം ചെയ്യും. വൈകിട്ട് 6 മണിക്ക് ദീപാരാധന. രാത്രി 8 മണിക്ക് പാലായി പരപ്പേൻ്റെ വരവ്. രാത്രി 9.30 ന് അപൂർവമായ പാലന്തായി കണ്ണൻ തെയ്യക്കോലത്തിൻ്റെ പുറപ്പാട്. പുലർച്ചെ 2.30 ന് രക്തചാമുണ്ഡിയുടെയും 4.30 ന് പാലായി പരപ്പേന് സ്വപ്നദർശനം നൽകിയ നിണമണിഞ്ഞ പരദേവതയുടെ അത്യപൂർവമായ പുറപ്പാട്.
രണ്ടാം കളിയാട്ട ദിവസമായ 26 ന് വൈകിട്ട് ദീപാരാധന. 27 ന് രാത്രി 8.30 ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം - ചിറക്. 28 ന് രാത്രി 7.30 ന് സാംസ്കാരിക സമ്മേളനം ശ്രീനെല്ലിക്കാത്തുരുത്തി കഴകം പ്രസിഡൻ്റ് കെ.വി. അമ്പാടി ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. തുടർന്ന് പ്രാദേശിക കലാപരിപാടി. 29 ന് രാവിലെ മുതൽ തെയ്യക്കോലങ്ങളുടെ പുറപ്പാട്. രാത്രി 7.30 ന് പ്രാദേശിക കലാസന്ധ്യ. സമാപന ദിവസമായ 30 ന് രാവിലെ മുതൽ പുലികണ്ഠൻ, പാലന്തായി കണ്ണൻ, പൂമാരുതൻ, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകുന്നേരം 3 മണിക്ക് വിഷ്ണുമൂർത്തി പുറപ്പാട്. തുടർന്ന് തേങ്ങയേറും എഴുന്നള്ളത്തും. രാത്രി 7 മണിക്ക് മുടിയെടുക്കൽ ചടങ്ങോടെ സമാപിക്കും. ആഘോഷ കമ്മിറ്റി ഏർപ്പെടുത്തിയ സമ്മാനക്കൂപ്പണിൻ്റെ നറുക്കെടുപ്പ് തുടർന്നുണ്ടാകും. രണ്ടാം ദിവസം മുതൽ തുലാഭാരം വഴിപാടും ഉണ്ടാകും. ക്ഷേത്രം പ്രസിഡൻ്റ് മലപ്പിൽ സുകുമാരൻ, വൈസ് പ്രസിഡൻ്റ് പി.പി. കൃഷ്ണൻ, ആഘോഷ കമ്മിറ്റി കൺവീനർ എം.വി. ഭരതൻ, ഭക്ഷണ കമ്മിറ്റി കൺവീനർ കെ.എം.രാജൻ, ആഘോഷ കമ്മിറ്റി ജോയിൻ്റ് കൺവീനർ ടി.തമ്പാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
No comments