വീട്ടിൽ വോട്ട് ഏപ്രിൽ 18 മുതൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസറഗോഡ് മണ്ഡലത്തിൽ വീട്ടിൽ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ലഭിക്കാൻ അപേക്ഷിച്ചിരിക്കുന്നത് 10, 363 പേർ.
85 വയസിനു മേൽ പ്രായമുള്ളവരും ഭിന്നശേഷി വോട്ടർമാരും ഉൾപ്പെടെയുള്ളവരാണ് അപേക്ഷകർ. അർഹരായവരുടെ യോഗ്യത അധികൃതർ പരിശോധിച്ചു വരികയാണ്. ഏപ്രിൽ 18 ന് രാവിലെ 9 മണി മുതൽ വീടുകളിൽ വോട്ട് ചെയ്യുന്ന സംവിധാനം തുടങ്ങും. അർഹരായവരുടെ പട്ടിക അതിനും മുമ്പ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറും. കാസറഗോഡ് ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലുമായി 155 ടീമുകളെയാണ് വീട്ടിൽ വോട്ട് സംവിധാനത്തിനായി സജ്‌ജീകരിച്ചിരിക്കുന്നത്. ഒരു ടീം ദിവസം 15 വീടുകളിലെത്തി വോട്ട് ചെയ്യിക്കും. ഒരു ദിവസം ശരാശരി 2355 വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്താനാകുമന്നാണ് പ്രതീക്ഷ. 18, 19, 20, 21, 22 എന്നീ 5 ദിവസങ്ങളിലായി വീട്ടിൽ വോട്ട് ചെയ്യുന്നത് പൂർത്തീകരിക്കാനാകും വിധമാണ് ക്രമീകരണം. ആദ്യ തവണ ഏതെങ്കിലും അടിയന്തര സാഹചര്യത്താൽ വോട്ട് ചെയ്യാൻ സാധിക്കാതെ പോയാൽ ഒരു തവണ കൂടി ഉദ്യോഗസ്ഥർ അതത് വീടുകളിൽ എത്തും. രണ്ടാം തവണയും വോട്ട് ചെയ്തില്ലെങ്കിൽ മൂന്നാമതൊരു അവസരമുണ്ടാകില്ല. ഇവർക്ക് പിന്നീട് പോളിങ് ബൂത്തിൽ പോയാലും വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് വരണാധികാരി കൂടിയായ കാസറഗോഡ് കലക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.
No comments