Breaking News

ജീവൻ തുടിക്കുന്ന തെയ്യങ്ങളുടെ ശില്പങ്ങളുമായി നിവേദ്

വെള്ളിക്കോത്ത് :കണ്ടാൽ ആരെയും ആകർഷിക്കുന്ന ജീവൻ തുടിക്കുന്ന തെയ്യങ്ങളുടെ ശില്പങ്ങളുമായി എട്ടാം ക്ലാസ് വിദ്യാർത്ഥി.
കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും വെള്ളിക്കോത്തെ വി. എം മനോജിന്റെയും പി പ്രതിഭയുടെയും മകനുമായ നിവേദ് പുറവങ്കരയാണ് വ്യത്യസ്തങ്ങളായ തെയ്യശിൽപ്പ നിർമാണങ്ങളിലൂടെ ശ്രദ്ധേയനായത്.
തൻ്റെ തറവാട് ആയ പുറവങ്കരയിലെ മൂവാഴംക്കുഴി ചാമുണ്ഡിയെ 8 അടി ഉയരത്തിലാണ് നിവേദ് നിർമ്മിച്ചിരിക്കുന്നത്.
വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന തുണികളും, കളർ പേപ്പറുകളും, ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് കണ്ടാൽ ആരെയും ആകർഷിക്കുന്ന മൂവാഴം കുഴിചാമുണ്ഡിയുടെ ശില്പം നിർമ്മിച്ചിരിക്കുന്നത്. പഠനത്തിനിടയിൽ കിട്ടുന്ന ഒഴിവുസമയം ഉപയോഗിച്ച് ഒന്നരമാസ സമയമെടുത്താണ് ഈ ശില്പം പൂർത്തീകരിച്ചത്.
കൂടാതെ മുച്ചിലോട്ട് ഭഗവതി, വിഷ്ണുമൂർത്തി, കുണ്ടാർ ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളുടെ ശില്പങ്ങളും നിവേദ് നിർമ്മിച്ചിട്ടുണ്ട്.ശില്പ നിർമ്മാണത്തോടൊപ്പം വരയും തനിക്ക് വഴങ്ങുമെന്നതിൻ്റെ
തെളിവായി പൊട്ടൻ തെയ്യം, പുലമാരുതൻ, ഗുളികൻ എന്നീ തെയ്യങ്ങളുടെ മുഖപടവും നിവേദ് വരച്ചിട്ടുണ്ട്.
തറവാടുകളിലും അമ്പലങ്ങളിലും നിരവധി തെയ്യങ്ങളെ കണ്ടപ്പോൾ അതിന്റെ ശില്പങ്ങൾ ഉണ്ടാക്കണമെന്ന് ആഗ്രഹം മനസ്സിൽ ഉണ്ടാവുകയും പിന്നീട് അത് പ്രാവർത്തികമാക്കുകയുമായിരുന്നു നിവേദ്' .
ചിത്രങ്ങൾ നോക്കിയാണ് മുഖത്തെഴുത്ത് നടത്തിയത് .തെയ്യങ്ങളുടെ ആടയാഭരണങ്ങൾ പഴയ മാലകളും മറ്റും ഉപയോഗിച്ചാണ് അലങ്കരിച്ചത്. തെയ്യത്തിന്റെ നിർമാണഘട്ടത്തിൽ അമ്മ പ്രതിഭ അത്ര കാര്യമാക്കിയില്ലെങ്കിലും ശിൽപ്പം പൂർത്തിയായതിന് ശേഷമാണ് മകന് ശില്പ നിർമാണത്തിന് കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് 'പിന്നീട് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയും ലഭിച്ചു.വെക്കേഷൻ സമയത്ത് കൂടുതൽ തെയ്യങ്ങളുടെ ശില്പങ്ങൾ നിർമ്മിക്കാനുള്ള തീരുമാനത്തിലാണ് നിവേദ്.

No comments