Breaking News

വിദ്യാർത്ഥികളോട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വീകരിക്കുന്ന വോട്ടർ ബോധവൽക്കരണം നിർത്തണം

വിദ്യാർത്ഥികളോട് തിരഞ്ഞെടുപ്പ് സത്യവാങ്മൂലം സ്വീകരിക്കുന്ന വോട്ടർ ബോധവൽക്കരണം നിർത്താൻ കാസറഗോഡ് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ നിർദേശം നൽകി. 
സ്വീപ് നോഡൽ ഓഫീസർ ക്കാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. വോട്ടർ ബോധവൽക്കരണ പരിപാടിയെക്കുറിച്ച് വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ.  ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തില്‍ ഒപ്പിടീക്കുന്നതായിരുന്നു ബോധവൽക്കരണ പരിപാടി.  തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രക്ഷിതാവും വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഒപ്പിട്ട് നല്‍കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശം. ജില്ലാ ഭരണകൂടവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവുമാണ് സത്യവാങ്മൂലം തയാറാക്കി വിദ്യാലയങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.
ലോക്സഭാ തെ‍രഞ്ഞെടുപ്പില്‍ വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും വോട്ട് രേഖപ്പെടുത്താന്‍ വീട്ടുകാരെ പ്രേരിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി വിദ്യാര്‍ത്ഥി ഒപ്പിടണം. ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു എന്ന് എഴുതി രക്ഷിതാവും ഒപ്പിടണം. നാളെ  ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും നിശ്ചിത മാതൃകയില്‍ പ്രതിജ്ഞ തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ഇതു വിവാദമായതിന് പിന്നാലെയാണ് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങിക്കുന്നത് നിർത്തിവെക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്.

No comments