നീലേശ്വരം കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം സമാപിച്ചു
നീലേശ്വരം കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം ആറു മുതൽ നടന്നുവരുന്ന കളിയാട്ട മഹോത്സവത്തിന് പരിസമാപ്തി. അവസാന ദിവസമായ ഇന്നലെ വൈകുന്നേരം ക്ഷേത്രം തിരുവരങ്ങിൽ പുറപ്പാടായി ഉറഞ്ഞാടി, ഉരിയാടി, അപേക്ഷിച്ചവർക്കെല്ലാം ഉപേക്ഷ കൂടാതെ ആഗ്രഹ സാഫല്യം നൽകിയ മോക്ഷദായിനിയായ ശ്രീ അട്ടക്കാട്ട് അമ്മയുടെ ദർശന സായൂജ്യം തേടി ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നത്. അട്ടക്കാട്ട് ഭഗവതി തിരുവരങ്ങിൽ എത്തുന്നതിന് തൊട്ടുമുമ്പ് ശ്രീവിഷ്ണു മൂർത്തി ദൈവവും പിന്നാലെ ശക്തി സ്വരൂപനും ശിവമയനുമായ കാര ഗുളികനും പുറപ്പാടായി. ഞായറാഴ്ച പുലർച്ചെ മുതൽ പുലിയൂർ കണ്ണൻ ദൈവത്തിന്റെ പുറപ്പാട്, പൂമാരുതൻ ദൈവം, രക്തചാമുണ്ഡി അമ്മ, ചെരളത്ത് ഭഗവതി അമ്മ, പാടാർക്കുളങ്ങര ഭഗവതി അമ്മ എന്നീ തെയ്യങ്ങളും ക്ഷേത്രം തിരുവരങ്ങിലെത്തി അനുഗ്രഹം നൽകി. ഇന്നലെ ഉച്ചക്ക് ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം ഉണ്ടായിരുന്നു. കളിയാട്ട മഹോത്സവം തുടങ്ങിയ ദിവസം ഭക്തർക്ക് അന്നദാനം നൽകിയിരുന്നു. കക്കാട്ട് ഉദയമാടം ക്ഷേത്രത്തിൽ നിന്നും കലവറ ഘോഷയാത്രയോടെയും കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ദീപവും തിരിയും ആഘോഷപൂർവ്വം കൊണ്ടുവന്നതിനു ശേഷമാണ് കളിയാട്ടത്തിന് ആരംഭം കുറിച്ചത്. കലാസംസ്കാരിക പരിപാടികളും കളിയാട്ടത്തിന്റെ ഭാഗമായി അരങ്ങേറി. നിർമ്മാണം പൂർത്തിയാക്കിയ തളിയാർവട്ടം ഭോജനശാല കളിയാട്ടത്തിനു മുന്നോടിയായി ഭക്തർക്ക് തുറന്നു നൽകി. ആചാരസ്ഥാനികരും ക്ഷേത്ര കമ്മിറ്റിയും ആഘോഷ കമ്മിറ്റിയും ഉപസമിതികളും പ്രാദേശിക കമ്മിറ്റികളും കൂട്ടായി നടത്തിയ പ്രവർത്തനത്തിന്റെ വലിയ വിജയമാണ് കളിയാട്ട മഹോത്സവം. ഒരു പ്രദേശത്ത് ആകെ പെരുങ്കളിയാട്ടത്തിന്റെ പ്രതീതി ഉണ്ടാക്കാൻ സംഘാടകർക്ക് സാധിച്ചു.
No comments