Breaking News

ഒറ്റക്കോലം സമാപിച്ചു

നീണ്ട പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന നീലേശ്വരം തൈക്കടപ്പുറം മുപ്പതിൽ കണ്ടം ഒറ്റക്കോല മഹോത്സവം ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിഷ്ണു മൂർത്തിയുടെ അഗ്നിപ്രവേശനത്തോടെ സമാപിച്ചു.
ശ്രീ നെല്ലിക്കാതുരുത്തി കഴകത്തിന്റെയും കോട്ടപ്പുറം ശ്രീ വെെകുണ്ഠ ക്ഷേത്രത്തിന്റെയും പരിധിയിൽ വരുന്ന തീരദേശ മേഖലയിലെ തൈക്കടപ്പുറം തെക്കുഭാഗം, നടുഭാഗം, മരക്കാപ്പ് കടപ്പുറം,കൊട്ടറ, പുറത്തേക്കൈ, കൊട്ര മീത്തലെ ശാഖാ, കടിഞ്ഞിമൂല, ഓർച്ച എന്നീ എട്ടു പ്രദേശങ്ങളുടെ കൂട്ടായ്മയുടെ രണ്ട് വർഷക്കാലമായുള്ള മുന്നൊരുക്കളുടെ പരിസമാപ്തിയാണ് ജാതിഭേദമന്യേ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യം കൊണ്ട് പര്യവസാനിച്ചത്. അച്ചാംതുരുത്തി ശ്രീ പത്രവളപ്പ് തറവാട്ടിൽ നിന്നും പ്രധാന കർമി രമേശൻ മല്ലക്കരയുടെ നേതൃത്വത്തിൽ തിരുവായുധം കൊണ്ട് വരവ് ചടങ്ങോടെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ചു. തുടർന്ന് ദീപാരാധനയ്ക്കുശേഷം തിടങ്ങൽ ചടങ്ങോടെ കോയാമ്പുറം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ എഴുപതോളം അംഗങ്ങളുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി ഒരുക്കിയ മേലേരിക്ക് അഗ്നിപകർന്നു. തുടർന്ന് പ്രാദേശിക വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര അരങ്ങേറി. മഹോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനവും ഉണ്ടായിരുന്നു. കരുമരുന്ന് പ്രയോഗത്തിനുശേഷം ശ്രീ ചാമുണ്ഡേശ്വരി, ഉച്ചുകളികടവത്ത് ഭഗവതി എന്നീ തെയ്യകോലങ്ങൾ അരങ്ങിലെത്തി. പുലർച്ചെ അഞ്ചുമണിക്കാണ് വിഷ്ണു മൂർത്തിയുടെ അഗ്നി പ്രവേശം നടന്നത്.

No comments