Breaking News

കണ്ണൂര്‍ സര്‍വകലാശാല യൂണിയൻ കലോത്സവം നാളെ മുതല്‍

കണ്ണൂര്‍ സര്‍വകലാശാല യൂണിയൻ കലോത്സവം നാളെ മുതല്‍ ഞായറാഴ്ചവരെ (7മുതല്‍ 11 വരെ) മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലേയും വയനാട് ജില്ലയിലെ പകുതി ഭാഗത്തേയും 105 കോളേജില്‍ നിന്നും കലാപ്രതിഭകള്‍ മാറ്റുരക്കാനെത്തും.
മൊത്തം 141 ഇനങ്ങളാണുള്ളത്. ആകെ 6646 പ്രതിഭകള്‍ മത്സരിക്കാനെത്തും. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഉള്‍ക്കൊള്ളുന്ന വാക്കുകളുടെ പേരിലാണ് സ്റ്റേജുകള്‍ പ്രവര്‍ത്തിക്കുന്നത്. 1. ബഹുസ്വരം, 2. മാനവീയം, 3. മൈത്രി, 4. സമഭാവം, 5. അനുകമ്പ, 6. അന്‍പ്, 7. സാഹോദര്യം, 8 പൊരുള്‍ എന്നിങ്ങനെ എട്ട് വേദികളിലാണ് മത്സരം. 
മുന്നാട് പീപ്പിള്‍സ് കോളേജും പരിസരവും, തൊട്ടടുത്ത മുന്നാട് ഗവ. ഹൈസ്‌കൂള്‍, മുന്നാട് ടൗണ്‍ എന്നിവിടങ്ങളിലാണ് വേദികള്‍. തെരുവുനാടകം കുറ്റിക്കോല്‍ ടൗണിലും പൂരക്കളി മത്സരം പള്ളത്തിങ്കാലിലും നടക്കും.
നാളെ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുന്നത്.നിരൂപകന്‍ ഇ പി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത്പി വി ഷാജികുമാര്‍ മുഖ്യാതിഥിയാകും. ഒമ്പതിന് സ്റ്റേജിനങ്ങള്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍, നടി ചിത്രാ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 11ന് സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. നടി ഗായത്രി വര്‍ഷ, സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 
ഗ്രാമീണ മേഖലയില്‍ ആദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നടക്കുന്നത്. കലകള്‍ കൂടുതല്‍ ജനകീയവും ജനാധിപത്യപരവുമാകണമെന്ന ചിന്താഗതിയിലാണ് ഇത്തവണത്തെ കലോത്സവം ഗ്രാമപ്രദേശത്താക്കിയത്. അതുകൊണ്ടുതന്നെ വളരെ ജനകീയമായാണ് ഇത്തവണത്തെ കലോത്സവ സംഘാടനം.
കലാമേളക്ക് എത്തുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യലിനും വളണ്ടിയര്‍മാര്‍ക്കും ഇത്തവണ വിഭവസമൃദ്ധമായ ഭക്ഷണം സംഘാടകസമിതി ഒരുക്കുന്നുണ്ട്. ദിവസം നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കാനാണ് തീരുമാനം. കലവറയിലേക്ക് ആവശ്യമായ വിഭവങ്ങള്‍ ജനകീയമായി ശേഖരിച്ചു. ഭക്ഷണം നല്‍കാന്‍ ആവശ്യമായ അരിയും വിഭവങ്ങളും കുടുംബശ്രീ ബേഡകം, കുറ്റിക്കോല്‍ സിഡിഎസുകളാണ് സമാഹരിച്ചത്. ബേഡകം സിഡിഎസിന് കീഴില്‍ 17 എഡിഎസുകള്‍ 17 ക്വിന്റല്‍ അരി നല്‍കി. ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും മൂന്നു ക്വിന്റല്‍ അരി നല്‍കി. മാവില ചിണ്ടന്‍ നമ്പ്യാര്‍, - കമ്മട്ട പാര്‍വതി അമ്മ എന്നിവരുടെ സ്മരണക്ക് കുടുംബാംഗങ്ങള്‍ അഞ്ചു ക്വിന്റല്‍ അരിയും നല്‍കി.
പ്രാദേശിക സംഘങ്ങള്‍ ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കി നല്‍കും. 
കാണികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ നഗരിയില്‍ തന്നെ വില കൊടുത്ത് വാങ്ങി കഴിക്കാവുന്ന തരത്തില്‍ ഫുഡ് പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാണ് കലോത്സവം.
ഉള്‍നാടായതിനാല്‍ താമസത്തിലും യാത്രയിലും ഉള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും വിപുലമായ തയ്യാറെടുപ്പുകള്‍ സംഘാടക സമിതി നടത്തി. കാസര്‍കോടു നിന്നും കാഞ്ഞങ്ങാടു നിന്നും പ്രത്യേക കെഎസ്ആര്‍ടിസി ബസുകള്‍ മുന്നാട്ടേക്കും തിരിച്ചും രാത്രിയിലുണ്ട്. ആവശ്യമെങ്കില്‍ പീപ്പിള്‍സ് കോളേജിന്റെ ബസും സര്‍വീസ് നടത്തും. താമസത്തിന് കോളേജിലെ മുറികളും മുന്നാട്ടെ വിവിധ വീടുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ നാട്ടുകാര്‍ തന്നെ സ്വമേധയാ തയ്യാറായി. അയ്യായിരത്തിലധികം കാണികള്‍ ദിവസവും കലാമേള വീക്ഷിക്കാനെത്തും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ, സിന്‍ഡിക്കറ്റംഗം ഡോ. എ അശോകന്‍, ജനറല്‍ കണ്‍വീനര്‍ ബിവിന്‍ രാജ് പായം, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി പി അഖില, ജനറല്‍ സെക്രട്ടറി ടി പ്രത്വിക്, വൈസ് ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ഫവാസ് , മുന്നാട് പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി കെ ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.

No comments