ഗവ.എൽ.പി. സ്‌ക്കൂൾ വാഴക്കോട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, കോഫി ഫോർ യു പദ്ധതി വിജയ പ്രഖ്യാപനവും മാർച്ച് ഒന്നിന്
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി മടിക്കൈ ഗ്രാമ പഞ്ചായത്ത് ഗവ.എൽ.പി. സ്‌ക്കൂൾ വാഴക്കോട് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും, കോഫി ഫോർ യു പദ്ധതി വിജയ പ്രഖ്യാപനവും മാർച്ച് ഒന്നിന് വൈകുന്നേരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ .ബിന്ദു നിർവഹിക്കും. എം.എൽ.എ ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാവും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ വിദ്യാഭ്യാസ വിചക്ഷണന്മാർ എന്നിവർ പങ്കെടുക്കും. മലയാള വിഷയത്തിൽ പിന്നോക്കമായ കുട്ടികളെ കൈപിടിച്ചുയർത്താൻ ഞാനും എന്റെ മലയാളവും പദ്ധതി നടപ്പിലാക്കിയ മടിക്കൈ പഞ്ചായത്ത് ഇംഗ്ലീഷ് പഠനത്തിനായി ഹായ് ഇംഗ്ലീഷ്, കോഫി ഫോർ യു എന്നീ പദ്ധതികളുടെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ അതിന്റെ വിജയ പ്രഖ്യാപനവും മന്ത്രി നടത്തും. അതേ പോലെ മടിക്കൈ പഞ്ചായത്തിലെ 15 ഊരുകളിൽ നടപ്പിലാക്കുന്ന ഊരുത്സവം മാർച്ച് 3 ന് നടക്കും. മടിക്കൈയിലെ നാന്തൻ കുഴിയിൽ നടക്കുന്ന ഊരുത്സവത്തിൽ കര കൗശല വസ്തുക്കളുടെയും കുടുംബശ്രീ ഉൽപ്പന്നങ്ങളുടെയും എട്ടിലധികം സ്റ്റാളുകൾ ഉണ്ടാകും. മെഗാ മംഗലം കളിയും വിവിധ ഊരുകളിൽ നിന്ന് കലാപരിപാടികളും നടക്കും. ഊരുത്സവം ആസൂത്രണ സമിതിയംഗം ജിജു.പി.അലക്‌സ് ഉദ്ഘാടനം ചെയ്യും. എസ് .പ്രീത അധ്യക്ഷയാവും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണഠൻ ,സംഗീത രത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രൻ, എന്നിവർ പങ്കെടുക്കും. മംഗലം കളി. എരുതി കളി, മറയൂരാട്ടം, ആലാമികളി, കൈകൊട്ടികളി, നാടൻ പാട്ട് എന്നിവ അരങ്ങേറും. മാർച്ച് 2 ന് വൈകീട്ട വിളംബര ജാഥയും നടക്കും. വാർത്താ സമ്മേളനത്തിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സ്‌ററാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ രമ പത്മനാഭൻ, പി. സത്യ,കെ.ബിജു.പി.ഷിബു, എന്നിവർ പങ്കെടുത്തു.
No comments