Breaking News

എൻഡോസൾഫാൻ പുനരധിവാസഗ്രാമം നാടിനു സമർപ്പിച്ചു

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യംവച്ച് കാസർഗോഡ് ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പുനരധിവാസഗ്രാമം - സഹജീവനം സ്നേഹഗ്രാമം - പദ്ധതിയുടെ പൂർത്തിയാക്കിയ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. 
കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എൻഡോസൾഫാൻ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നത്. 2022 മെയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. ഇരുപത്തഞ്ച് ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ‘സ്നേഹഗ്രാമം’ അതിലെ നാഴികക്കല്ലാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി ഇചന്ദ്രശേഖരൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സാമൂഹികനീതിവകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

No comments