Breaking News

മാലിന്യ മുക്തമായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം

മാലിന്യമുക്തം നവകേരളത്തിൻ്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വ പൂർണ്ണമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണമെന്ന് മാലിന്യ മുക്തം നവകേരളം ജില്ലാ ഏകോപന സമിതി ആവശ്യപ്പെട്ടു. എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം പൂർണ്ണമായും ഉറപ്പാക്കുകയും യൂസർഫീ നൂറുശതമാനം സമാഹരിക്കുകയും ചെയ്യണം. യൂസർഫീ തുടർച്ചയായി മൂന്നു മാസം നൽകാതിരിക്കുന്നവരിൽ അധികമായി അമ്പതു ശതമാനം പിഴപ്പലിശ ചുമത്തേണ്ടതാണ്. സേവനം നൽകുന്നതിനും യൂസർഫീ രേഖകൾ അനുബന്ധമാക്കണം. ഹരിത കർമ്മസേന പ്രവർത്തനം വഴി കാറഡുക്ക , ബദിയഡുക്ക വലിയ പറമ്പ ഗ്രാമപഞ്ചായത്തുകൾ നൂറുശതമാനം യൂസർ ഫീശേഖരിച്ച് മാതൃകയാണ്. 25തദ്ദേശസ്ഥാപനങ്ങളിൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുന്നു. യൂസർ ഫീ കുറവുള്ള തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക യോഗം ചേരുന്നതിന് ഏകോപന സമിതിയിലെ ജില്ലാ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
കടലോരം ജനകീയശുചീകരിച്ചതിൻ്റെ തുടർച്ചയായി പാതയോരങ്ങളും മാർക്കറ്റുകളും പുഴയോരങ്ങളും ജനകീയമായി വൃത്തിയാക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കണം. അജൈവ മാലിന്യസംഭരണകേന്ദ്രങ്ങളായ എം സി എഫുകളിൽ വേർതിരിച്ച് കൈമാറാൻ കാലതാമസം ഉണ്ടാകരുതെന്നും സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് ക്ലീൻ കേരള കമ്പനിക്ക് നിർദ്ദേശം നൽകി. നൂറ് ആളുകളിലധികം ചേരുന്ന ചടങ്ങുകൾ തദ്ദേശസ്ഥാപനങ്ങളെ മുൻകൂട്ടി അറിയിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതുമായ നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെൻ്റ് ടീമിനും പ്രാദേശിക വിജിലൻസ് ടീമിനും കർക്കശനിർദ്ദേശം നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് ബദൽ സംവിധാനങ്ങൾ തയ്യാറാക്കാൻ കുടുംബശ്രീ പ്രത്യേക സംരംഭങ്ങൾ തുടങ്ങും. മുനിസിപ്പാലിറ്റികളിലെ ഹരിതകർമ്മസേന പ്രവർത്തകർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകും. നീലേശ്വരം ഫെബ്രുവരി 12, 13, 14, കാഞങ്ങാട് 13, 14, 15 കാസറഗോഡ് 15, 16, 17 തീയതികളാലാണ് പരിപാടി.ഹരിത മിത്രം സ്മാർട് ഗാർബേജ് ആപ്പ് ഉപയോഗം മോണിട്ടർ ചെയ്യുന്നതിന് എൺമകജെ, കാറഡുക്ക , ബദിയഡുക്ക , കിനാനൂർ കരിന്തളം, പുല്ലൂർ പെരിയ, പിലിക്കോട്, നീലേശ്വരം നഗരസഭ എന്നിവയെ തീരുമാനിച്ചിട്ടുണ്ട്. 
നവകേരളം മിഷൻ ഓഫീസിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻ്റ് ഡയറക്ടർ ജയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. കൺവീനർ നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ലക്ഷ്മി, ജെ പി സി സുഭാഷ് ടി വി,
ക്ലീൻ കേരള മാനേജർ മിഥുൻ ഗോപി, കെ എസ് ഡബ്ലു എം പി ജില്ലാ മാനേജർ മിഥുൻ കൃഷ്ണൻ, കില ആർപിഎം കെ ഹരിദാസ്, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു .കോകോർഡിനേറ്റർ കൃഷ്ണ എച്ച് ക്രോഡീകരണം നടത്തി. ചർച്ചയിൽ പ്രോഗ്രാം ഓഫീസർ രജ്ഞിത്ത് കെ വി, റിസർച്ച് ഓഫീസർ സുനിൽ കുമാർ ഫിലിപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എഞ്ചിനിയർ ആദർശ് ടി വി, അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫീസർ ദിൽന എ.പി, ഡോ. മഹേഷ് യു, ഹൃത്വിക് ടി , ആതിര ടി പി മുദസീർ എം.എ എന്നിവർ പങ്കെടുത്തു.

No comments