സുരേഷ്ബാബു അഞ്ഞൂറ്റാൻ കാപ്പാട്ട് ഭഗവതിയുടെ തിരുമുടിയേറ്റും
രാവിലെ ആറിന് കഴകം തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ നടന്ന ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് അരങ്ങിൽ അടിയന്തിരത്തോടെ ദേവീ ദേവന്മാരുടെ പ്രതിപുരുഷന്മാർ അരങ്ങിലിറങ്ങിയതോടെ ജന്മ കണിശൻ സി.പി.ഗോപാലകൃഷ്ണൻ ജ്യോത്സ്യരുടെ നേതൃത്വത്തിൽ വരച്ച് വെക്കൽ ആരംഭിച്ചു.തിരുമുറ്റത്തെ രാശിക്കളത്തിൽ അന്തിത്തിരിയൻ അരിയും പൂവും നെല്ലും സ്വർണ്ണവും ചേർത്ത് നിക്ഷേപിച്ചു. ഇതിൽ സ്വർണ്ണത്തിന്റെ സ്ഥാനം നോക്കി ജന്മജോത്സ്യൻ പെരുങ്കളിയാട്ടത്തിന്റെ ലക്ഷണം പറഞ്ഞു. തുടർന്ന് ഇരുദേവതമാരുടെയും തിരുമുടി ഉയരുന്നതിനുള്ള മുഹൂർത്തവും കുറിച്ചു.
തുടർന്നാണ് കാപ്പാട്ട് ഭഗവതിയുടെയും ശ്രീ പോർക്കലി ഭഗവതിയുടെയും കോലധാരികളെ നിശ്ചയിച്ചത്. ശ്രീ പോർക്കലി ഭഗവതിയുടെ തിരുമുടിയണിയാൻ ആദ്യമായി നിയോഗം ലഭിച്ച കുണ്ടോറ ബാലൻ പെരുവണ്ണാൻ ജന്മ സാഫല്യ നിറവിലാണ്.
പ്രശ്ന ചിന്ത പൂർത്തിയായ ശേഷം അരങ്ങിലിറങ്ങിയ പ്രതിപുരുഷന്മാർ മഞ്ഞൾക്കുറി പ്രസാദം നൽകി അനുഗ്രഹിച്ച് കാപ്പാട്ട് ഭഗവതിയുടെയും പോർക്കലി ഭഗവതിയുടെയും കോലധാരികളെ കഴകസന്നിധിയിലൊരുക്കിയ കുച്ചിലിലേക്ക് വരഞ്ഞിരിക്കാൻ ആനയിച്ചു. ഇനിയുള്ള ഒൻപത് ദിനരാത്രങ്ങൾ കോലധാരികൾ ഭഗവതിമാരുടെ തിരുമുടിയേറ്റാൻ മനസ്സും ശരീരവും പാകപ്പെടുത്താനുള്ള പ്രാർത്ഥനയിൽ മുഴുകും.
ജന്മ കണിശൻ സി.പി.ഗോപാലകൃഷ്ണൻ പണിക്കറുടെ നേതൃത്വത്തിൽ സദനം നാരായണ പൊതുവാൾ, സി പി രൂപേഷ് പൊതുവാൾ, എ വി സജിത് പൊതുവാൾ തുടങ്ങിയവർ വരച്ച് വെക്കലിൽ പങ്കാളികളായി.
No comments