ലൈബ്രറി കൗൺസിൽ സംസ്ഥാന റീഡിങ്ങ് തിയറ്റർ: 5 രചനകൾ അരങ്ങിലെത്തി
ലൈബ്രറി കൗൺസിൽ സംസ്ഥാന റീഡിങ് തിയറ്റർ: സമാപനത്തിൽ 5 രചനകൾ അരങ്ങിലെത്തി.ഒ വി വിജയൻ്റെ വിഖ്യാത ചെറുകഥ
കടൽ തീരത്തും, വൈക്കം മുഹമ്മദ് ബഷീറിൻ്റെ 'ഒരു മനുഷ്യനു 'മുൾപ്പെടെയുള്ള അഞ്ച് രചനകളാണ് റീഡിംഗ് തിയേറ്ററിൽ അരങ്ങിലെത്തിയത്. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കൊടക്കാട് കദളീവനത്തിൽ സംഘടിപ്പിച്ച സംസ്ഥാന തല റീഡിംഗ് തിയേറ്റർ പരിശീലന കളരിയിലാണ് പുസ്തകവായനയിലേക്ക് സമൂഹത്തെ നയിക്കാനുള്ള നൂതന സങ്കേതത്തിന് തുടക്കമിട്ടത്. ഗ്രന്ഥശാലകൾ സക്രിയമാക്കാൻ വായനയുടെയും സർഗാത്മക പ്രവർത്തനങ്ങളുടെയും ഇടപെടൽ ഏറെ പ്രയോജനപ്പെടുമെന്ന തിരിച്ചറിവിൽ ദ്വിദിന പരിശീലനം സമാപിച്ചു.ഗ്രന്ഥശാലകളിൽ അവതരിപ്പിക്കാനുള്ള മാതൃകകളായി തിക്കോടിയൻ്റെ രക്തം പുരണ്ട പതാക, സി പി ബിജുവിൻ്റെ പോത്തുകല്ലുങ്കടവ്, ഇന്ദുഗോപൻ്റെ വിലായത്ത് ബുദ്ധ, അംബികാസുതൻ മാങ്ങാടിൻ്റെ പ്രാണവായു എന്നീ രചനകളാണ് വാചികാംശത്തിന് പ്രാധാന്യമുള്ള റീഡേഴ്സ് തിയേറ്റർ കളരിയിൽ അവതരിപ്പിക്കപ്പെട്ടത്.
എം രാജഗോപാലൻ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി പ്രസന്നകുമാരി അധ്യക്ഷയായി.ഗ്രന്ഥാലോകം മാസിക ചീഫ് എഡിറ്റർ പി വി കെ പനയാൽ ക്യാമ്പംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്റ്റേറ്റ് എക്സി.മെമ്പർ ജി കൃഷ്ണകുമാർ, സ്‌റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി സിനി, ക്യാമ്പ് ഡയറക്ടർ ഗോപിനാഥ് കോഴിക്കോട്, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, പി കുഞ്ഞിക്കണ്ണൻ,പി വേണുഗോപാലൻ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
No comments