Breaking News

നീലേശ്വരം തൈക്കടപ്പുറത്തെ സ്വകാര്യ ബീച്ച് പാര്‍ക്ക് തീവെച്ച് നശിപ്പിച്ചു

നീലേശ്വരം തൈക്കടപ്പുറത്തെ സ്റ്റോര്‍ ജംഗ്ഷനിലെ സ്വകാര്യ ബീച്ച് പാര്‍ക്കിനോടനുബന്ധിച്ച് സ്ഥാപിച്ച കഫ്തീരിയ റഫ്രഷ്‌മെന്റ് സ്റ്റാൾ തീവെച്ച് നശിപ്പിച്ചു. വിമുക്തഭടന്‍ നീലേശ്വരത്തെ കെ.രാജേന്ദ്രകുമാര്‍ മാനേജിംഗ് പാര്‍ട്ണറായ പാർക്കാണിത്. വ്യാപാരി വ്യവസായി സമിതിയും ഉമ്പുണ്ടു അമിറ്റി ക്ലബ്ബും നീലേശ്വരം ബീച്ച് ഫെസ്റ്റ് നടത്തിയത് ഇവിടെ വെച്ചാണ്. ഫ്രിഡ്ജ് ഉള്‍പ്പെടെ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും 6 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി രാജേന്ദ്രകുമാര്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. അതേസമയം തൈക്കടപ്പുറം അയ്യപ്പഭജനമഠത്തിലുണ്ടായ അതിക്രമത്തിന്റെ ഭാഗമായാണ് നെയ്തല്‍ ലെയ് ഷോര്‍ പാര്‍ക്ക് കത്തിക്കാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് അയ്യപ്പ ഭജന മഠത്തില്‍ ഭക്തിഗാനം വച്ചതില്‍ പ്രകോപിതനായ സമീപവാസിയായ അധ്യാപകന്‍ പ്രവീണ്‍കുമാര്‍ ഭജനമഠത്തിൽ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ക്കിന് തീവെച്ചത്. അയ്യപ്പഭജനമന്ദിരത്തില്‍ അക്രമം നടത്തിയ അധ്യാപകന്‍ നടത്തുന്ന കടലാമ സംരക്ഷണ കേന്ദ്രമായ നെയ്തല്‍ എന്ന പേരാണ് ലെയ്‌ഷോര്‍ പാര്‍ക്കിന്റെതും. സ്ഥാപനത്തിന്റെ പേര് ഒരു പോലെ ആയതാവാം പാര്‍ക്ക് തീവെച്ച് നശിപ്പിക്കാന്‍ കാരണമെന്നാണ് സംശയം. അതേസമയം നെയ്തല്‍ ലെയ്‌ഷോര്‍ പാര്‍ക്കുമായി അധ്യാപകന്‍ പ്രവീണ്‍കുമാറിന് യാതൊരുബന്ധവുമില്ലെന്ന് പാര്‍ക്കിന്റെ പാര്‍ട്ണര്‍മാർ പറഞ്ഞു. നീലേശ്വരം ഫെസ്റ്റ് നടത്തിയ ഉമ്പുണ്ട് അമിറ്റി ക്ലബ്ബിന്റെ പ്രസിഡണ്ടുകൂടിയാണ് ആരാധനാലയത്തില്‍ അതിക്രമം നടത്തിയ അധ്യാപകന്‍. സംഭവത്തെതുടര്‍ന്ന് ഇയാളെ ഉമ്പുണ്ടു അമിറ്റി ക്ലബ്ബിന്റെ ഭാരവാഹിസ്ഥാനത്തുനിന്നും നീക്കാന്‍ ക്ലബ്ബ് നേതൃത്വം തീരുമാനിച്ചു.


No comments