നീലേശ്വരം തൈക്കടപ്പുറം മുപ്പതിൽക്കണ്ടം ഒറ്റക്കോലം മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
14 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തൈക്കടപ്പുറം മുപ്പതിൽക്കണ്ടം ഒറ്റക്കോലം മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ നിലേശ്വരത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 2, 4, 5 തീയ്യതികളിലാണ് ഒറ്റക്കോലം നടക്കുന്നത്.2009 ലാണ് ഇവിടെ അവസാനമായി ഒറ്റക്കോലം നടന്നത്. തൈക്കടപ്പുറം തെക്കുഭാഗം, തൈക്കടപ്പുറം നടുഭാഗം, കൊട്ര, മരക്കാപ്പ് കടപ്പുറം, കൊട്ര മീത്തലെ ശാഖ, പുറത്തേക്കെ, കടിഞ്ഞിമൂല, ഓർച്ച എന്നീ 8 പ്രാദേശിക കമ്മിറ്റികളുടെ ജനറൽ ബോഡി യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് ഒറ്റക്കോലം നടത്തുന്നത്. ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി ഫെബ്രുവരി രണ്ടിന് എട്ട് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് വരുന്ന കലവറ ഘോഷയാത്ര ഉച്ചയ്ക്ക് 12 മണിക്ക് മുപ്പതിൽ കണ്ടം ഒറ്റക്കോലം മഹോത്സവ നഗരിയിൽ പ്രവേശിക്കും. തുടർന്ന് അന്നദാനം.1.30 ന് ജാതി മത ഭേദമെന്യേ പള്ളികളിലെയും ക്ഷേത്രങ്ങളിലെയും ഭരണ സമിതിയംഗങ്ങളെ അണിനിരത്തി ആരാധനാലയ നേതൃസംഗമം നടക്കും. പ്രചോദന പ്രഭാഷകൻ വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്യും. അബ്ദുൾ അസീസ് അഷറഫി പാണത്തൂർ പ്രഭാഷണം നടത്തും. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.വി. അമ്പാടി അധ്യക്ഷത വഹിക്കും. ഫോക് ലോർ ഫെലോഷിപ്പ് ജേതാവ് എം.വി.തമ്പാൻ പണിക്കർ പിലിക്കോട് സോവനീർ പ്രകാശനം ചെയ്യും.ഫെബ്രുവരി നാലിന് വൈകുന്നേരം 5 മണിക്ക് അച്ചാംതുരുത്തി പത്രവളപ്പ് തറവാട്ടിൽ നിന്നും ഒറ്റക്കോലം മഹോത്സവത്തിൻ്റെ പ്രധാന കർമ്മി രമേശൻ മല്ലക്കരയുടെ നേതൃത്വത്തിൽ തിരുവായുധം കൊണ്ടുവരുന്ന ചടങ്ങ്. തുടർന്ന് ദീപാരാധനയും 7.30 തിടങ്ങലിന് ശേഷം മേലേരിക്ക് അഗ്നി പകരുകയും ചെയ്യും. രാത്രി 8 മണിക്ക് പ്രാദേശിക വനിതാ കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിക്കുന്ന മെഗാ തിരുവാതിര. തുടർന്ന് അന്നദാനം. രാത്രി 8:30 മുതൽ വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 9 30ന് കരിമരുന്ന് പ്രയോഗം. 11 മണിക്ക് ശ്രീ ചാമുണ്ഡേശ്വരി പുറപ്പാട്. 12.30 ശ്രീ ഉച്ചൂളി കടവത്ത് ഭഗവതിയുടെ പുറപ്പാട്. ഫെബ്രുവരി 5 പുലർച്ചെ 5 ന് ശ്രീ വിഷ്ണുമൂർത്തിയുടെ അഗ്നി പ്രവേശനത്തോടെ ഒറ്റക്കോലം മഹോത്സവം സമാപിക്കും.വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ വി. അമ്പാടി, ജനറൽ കൺവീനർ കെ.വി.പ്രിയേഷ് കുമാർ, പി.വി. പൊക്കൻ, മാട്ടുമ്മൽ കൃഷ്ണൻ, പി വി സുകുമാരൻ, എം.വി.ഭരതൻ, വി.വി.സുധാകരൻ, സുനിൽ മുപ്പതിൽ കണ്ടം, കെ.രാധാകൃഷ്ണൻ, എം.സുധാകരൻഎന്നിവർ സംബന്ധിച്ചു
No comments