സംസ്ഥാനത്തെ ആദ്യ മാതൃകാ അങ്കണവാടി കെട്ടിടം പിലിക്കോട്ട് തുറന്നു.
ദേശീയപാതാ വികസനത്തിൽ കെട്ടിടം നഷ്ടപ്പെട്ട പിലിക്കോട് കരക്കേരു അങ്കണവാടിക്കായി പണിത കെട്ടിടം തുറന്നു. എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി അധ്യക്ഷയായി. എ.മനോജ് കുമാർ, പി.കെ.ലക്ഷ്മി, സി.വി.ചന്ദ്രമതി, കെ.വി.വിജയൻ, വി.വി.സുലോചന, എം.വി.സുജാത, പി.രേഷ്ണ, കെ.എൻ.സുശീല എന്നിവർ സംസാരിച്ചു. സാമൂഹിക നീതിവകുപ്പിന്റെ 25 ലക്ഷം, കാസർകോട് വികസന പാക്കേജിൽനിന്ന് 14 ലക്ഷം, ഗ്രാമപ്പഞ്ചായത്ത് വിഹിതം മൂന്നുലക്ഷം ഉൾപ്പെടെ 42 ലക്ഷം ചെലവിട്ടാണ് മാതൃകാ അങ്കണവാടി കെട്ടിടം പണിതത്. കഴിഞ്ഞ രണ്ടുവർഷമായി ചന്തേര ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്രസയുടെ മുറിയിൽ കഴിഞ്ഞ കുട്ടികളെ ആഘോഷത്തോടെയാണ് പുതിയ അങ്കണവാടിയിലേക്ക് വരവേറ്റത്.കെട്ടിടംപണി മാസങ്ങൾക്ക് മുൻപ് പൂർത്തിയായെങ്കിലും വൈദ്യുതീകരണവും ജലവിതരണസംവിധാനവും ഒരുങ്ങിയിരുന്നില്ല. കഴിഞ്ഞ രണ്ടുവർഷമായി മദ്രസാമുറിയിലാണ് പിലിക്കോട് കരക്കേരുവിലെ 87-ാം നമ്പർ അങ്കണവാടി പ്രവർത്തിച്ചത്. അഞ്ച് മറുനാടൻ തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെ 28 കുട്ടികളാണ് ഇവിടെയുള്ളത്.ഘോഷയാത്രയും പായസവിതരണവും നാടൻപാട്ടുമായി ഉദ്ഘാടന ചടങ്ങ് രക്ഷിതാക്കളും നാട്ടുകാരും ആഘോഷമാക്കി.
No comments