ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ ഇടപെടലുമായി നീലേശ്വരം നഗരസഭ; ബോധവൽക്കരണവും ഊർജിതമാക്കും
നാടിന്റെ യുവതലമുറയെ കാർന്നുതിന്നുന്ന ലഹരി മാഫിയകൾക്കെതിരെ നീലേശ്വരം നഗരസഭാ പരിധിയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ പി.പി. മുഹമ്മദ് റാഫി വ്യക്തമാക്കി. കാസർഗോഡ് ജില്ലയിൽ വിദേശ ടൂറിസ്റ്റുകളും ആഭ്യന്തര ടൂറിസ്റ്റുകളും ഏറ്റവും കൂടുതൽ എത്തുന്ന പ്രധാന പ്രദേശങ്ങളിലൊന്നാണ് കോട്ടപ്പുറം ബോട്ട് ടെർമിനൽ. ഇവിടെ ലഹരി മാഫിയ പിടിമുറുക്കിയെന്ന വാർത്തകൾ ഉയർന്നുവന്ന സാഹചര്യം ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും സഹകരണത്തോടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് സജീവമാകുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നഗരത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൗസ് ബോട്ടുകളുടെ സഞ്ചാരത്തിനും ടൂറിസ്റ്റുകളുടെ സുരക്ഷിതമായ വരവിനും വിഘാതമാകുന്ന പ്രവർത്തനങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും, കോട്ടപ്പുറം ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്കൂൾ-കോളേജ് പരിസരങ്ങളിലും, കോട്ടപ്പുറം ബോട്ട് ടെർമിനൽ, തീരദേശം, അഴിമുഖം തുടങ്ങിയ പ്രധാന വിനോദസഞ്ചാര മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി നഗരസഭ ഏകോപനം നടത്തും.
നീലേശ്വരം പോലീസിന്റെയും എക്സൈസിന്റെയും സജീവ സാന്നിധ്യവും സംയുക്ത ഇടപെടലുകളും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹകരണം നഗരസഭ നൽകും. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ്, എക്സൈസ് പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും.
ലഹരി വ്യാപനം തടയുന്നതിൽ തദ്ദേശസ്ഥാപനങ്ങളും പോലീസും എക്സൈസും കൈകോർക്കുമ്പോൾ പൊതുജനങ്ങളുടെ ജാഗ്രതയും സഹകരണവും അനിവാര്യമാണെന്നും ചെയർമാൻ പറഞ്ഞു. ലഹരി ഉപയോഗമോ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട പോലീസ്, എക്സൈസ് അധികാരികളെ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
No comments