നീലേശ്വരത്ത് ജലജീവനം ശില്പശാല നടത്തി
നീലേശ്വരം ജലജീവനം ശില്പശാല നടത്തി. നഗരസഭാ പരിധിക്കുള്ളിലെ ജലലഭ്യതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിൻ്റെ അളവും തുലനം ചെയ്താണ് നീലേശ്വരം നഗരസഭയിൽ ജലബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജലബജറ്റ് പ്രകാരം 32.70ദശലക്ഷം ഘനമീറ്റർ വെള്ളം മഴയിലൂടെ വർഷം തോറും നഗരസഭയിൽ ലഭിക്കുന്നുണ്ട്. നഗരസഭയുടെ ജല ആവശ്യം 12 ദശലക്ഷം ഘന മീറ്ററാണ്. 20.70 ദശലക്ഷം ഘനമീറ്റർ ജലം മിച്ചമുള്ള നഗരസഭയിൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജലക്ഷാമം നേരിടുന്നു. ഇതു പരിഹരിച്ച് ജലക്ഷാമമില്ലാത്ത നഗരസഭയാക്കി മാറ്റണമെങ്കിൽ മഴവെള്ള സംഭരണി ഉണ്ടാക്കൽ, കിണർ റീചാർജിംഗ്, തോടുകളുടെ നവീകരണം, തോടുകളിൽ തടയണകൾ കെട്ടൽ, വൃക്ഷവല്ക്കരണം, ശാസ്ത്രീയമായ കൃഷി രീതി, വയലുകളെ സംരക്ഷിക്കൽ, തരിശു നിലങ്ങളിൽ കൃഷി ചെയ്യൽ, കുളം നവീകരിക്കൽ, മഴക്കുഴി നിർമ്മാണം, പറമ്പ് തട്ട് തിരിക്കൽ, ബണ്ട് നിർമ്മാണം എന്നിങ്ങനെയുള്ള ജലസംരക്ഷണ പ്രോജക്ടുകൾ ഏറ്റെടുക്കേണ്ടതുണ്ട്.
ജലജീവനം ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. "ജലബജറ്റ് എന്ത് ? എന്തിന്?" എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ ജില്ല കോർഡിനേറ്റർ കെ ബാലകൃഷ്ണനും "ജലബജറ്റിൽ നിന്ന് ജലസുരക്ഷയിലേക്ക് " എന്ന വിഷയത്തിൽ സോയിൽ കൺസർവേഷൻ സർവേയർ സയ്യിദ് ആബിദും ക്ലാസ്സെടുത്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഇ ചന്ദ്രമതി, പി വി സതീശൻ, കൗൺസിലർ പി യു രാമകൃഷ്ണൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി എൻ വാസുദേവൻ നമ്പൂതിരി, പ്രീത, കൃഷ്ണൻ പാലായി, പി വി രാമചന്ദ്രൻ, പി വി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചർച്ച ക്രോഡീകരിച്ചുകൊണ്ട് ഹരിതകേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ പി വി ദേവരാജൻ മാസ്റ്റർ സംസാരിച്ചു. സിക്രട്ടറി അനുപമ സദാശിവൻ സ്വാഗതവും പ്ലാൻ ക്ലാർക്ക് കെ ജിതിൻ നന്ദിയും പറഞ്ഞു.
No comments