Breaking News

ദേശീയപാത 66 വികസനം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ ഫ്‌ളൈഓവർ നിർമിക്കണം* *ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി*

 ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിലവിൽ നടന്നു വരുന്ന മണ്ണ് തിട്ടപ്പെടുത്തിയുള്ള (Embanked) നിർമ്മാണരീതി ഒഴിവാക്കി പകരം സമഗ്രമായ ആകാശപാത (Flyover) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് സംസ്ഥാന സർക്കാരിലേക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു.ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഇത്.

പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ എന്നിവർക്കാണ് വിശദമായ ശിപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കൈമാറിയത്.

നിലവിലെ രൂപരേഖ പ്രകാരം മാർക്കറ്റ് ജംഗ്ഷനിൽ വൻതോതിൽ മണ്ണ് നിറച്ച് തിട്ടപ്പെടുത്തിയുള്ള നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ നീലേശ്വരം ടൗൺ മൺമതിലുകളാൽ രണ്ടായി വിഭജിക്കപ്പെടുകയും ഗുരുതരമായ ഗതാഗതക്കുരുക്കിനും നഗരത്തിന്റെ സ്വാഭാവിക വികസനത്തിന് തിരിച്ചടിയാകുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിനെതിരെ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും നിലനിൽക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.

നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പുറം റോഡ് വരെl നിലവിൽ പദ്ധതിയിട്ടിരിക്കുന്ന മണ്ണ് നിറച്ച നിർമ്മാണം പൂർണ്ണമായും ഒഴിവാക്കി, തൂണുകളിൽ അധിഷ്ഠിതമായ ഫ്‌ളൈഓവർ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റിക്ക് (NHAI) അടിയന്തര നിർദ്ദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.

നിലവിലുള്ള സർവീസ് റോഡുകളിൽ സ്ഥലപരിമിതി കാരണം വാഹനങ്ങൾ തിരിയുന്നതിനും ഗതാഗത നിയന്ത്രണത്തിനും ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫ്‌ളൈഓവർ നിർമ്മാണം നടപ്പിലാക്കുകയാണെങ്കിൽ സർവീസ് റോഡുകൾക്ക് കൂടുതൽ വീതി ലഭ്യമാകുകയും, പാലത്തിന് താഴെയുള്ള വിശാലമായ സ്ഥലം നഗരത്തിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ വാഹന പാർക്കിംഗിനായി ഉപയോഗിക്കാനാകുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കോട്ടപ്പുറം–തൈക്കടപ്പുറം റോഡിലേക്കുള്ള പ്രവേശനം സുരക്ഷിതമായി നിലനിർത്താനും പ്രദേശത്തെ ടൂറിസം, മത്സ്യബന്ധന മേഖലകൾക്ക് തിരിച്ചടി ഒഴിവാക്കാനും ഈ മാതൃക സഹായകരമാകുമെന്ന് ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി.

അതേസമയം, നീലേശ്വരം പുഴയ്ക്ക് കുറുകെ 1958-ൽ നിർമ്മിച്ച നിലവിലെ ദേശീയപാത പാലം അപകടാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പദ്ധതിപ്രകാരം പഴയ പാലം നിലനിർത്തി പുതിയ മൂന്ന് വരി പാലം മാത്രം നിർമ്മിച്ചാൽ ആകെ അഞ്ച് വരി ഗതാഗതം മാത്രമേ സാധ്യമാകൂ. ഇത് ഭാവിയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നതിനാൽ പഴയ പാലം പൊളിച്ചുനീക്കി അതിന്റെ സ്ഥാനത്ത് പുതിയ മൂന്ന് വരി പാലം കൂടി നിർമ്മിച്ച് ആകെ ആറ് വരി ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്.

  ഭൂമിശാസ്ത്രപരവും പരിസ്ഥിതിസംബന്ധമായും ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് വിദഗ്ദ സമിതി അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന കാലവർഷം മുന്നിൽക്കണ്ട് പൊതുജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിനായി സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ അഭ്യർത്ഥിച്ചു.

No comments